കട്ടപ്പന: ഓപറേഷൻ കുബേരയെ തുടർന്ന് ഇടക്കാലത്ത് ശക്തി ക്ഷയിച്ച ബ്ലേഡ് മാഫിയ സംഘങ്ങൾ ജില്ലയിൽ വീണ്ടും ചുവടുറപ്പിക്കുന്നു. നഗരപ്രദേശങ്ങളിലും തോട്ടം മേഖലകളിലും ശക്തമായി തിരിച്ചുവന്ന അനധികൃത ബ്ലേഡ് സംഘങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ല പൊലീസ് മേധാവി സി.ഐമാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് സ്‌പെഷൽ ബ്രാഞ്ചും പട്ടിക തയാറാക്കി. നടപടി ശക്തമാക്കാൻ ജില്ല പൊലീസ് മേധാവി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. കാർഷികോൽപന്നങ്ങളുടെ വിലയിടിവും ഉൽപാദന തകർച്ചയും മൂലം കടക്കെണിയിലായ കർഷകരും വ്യാപാര മാന്ദ്യത്തെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികളുമാണ് ബ്ലേഡ് മാഫിയയുടെ ഇരകൾ. തമിഴ്‌നാട്ടിൽനിന്ന് വട്ടിപ്പലിശക്ക് പണം നൽകുന്ന സംഘങ്ങൾക്ക് പുറമെ പ്രാദേശിക ബ്ലേഡ് സംഘങ്ങളും സജീവമാണ്. വ്യാപാരസ്ഥാപനങ്ങൾക്കും ജീവനക്കാർക്കും പണം പലിശക്ക് നൽകുന്ന സംഘങ്ങൾ പലിശയോ തിരിച്ചടവോ മുടങ്ങിയാൽ ഭീഷണിയുമായെത്തും. ബ്ലേഡ് സംഘത്തിെൻറ ഭീഷണിയെ തുടർന്ന് കട്ടപ്പനയിൽ പച്ചക്കറി കച്ചവടം നടത്തുന്ന മുളകരമേട് കാവുള്ളാട്ട് രതീഷിനെ കാണാതായിരുന്നു. ചെറുതോണിയിൽ വാഹനത്തിെൻറ ആർ.സി ബുക്ക് ഈടായി വാങ്ങി വട്ടിപ്പലിശക്ക് പണം നൽകിയശേഷം ആർ.സി ബുക്ക് തിരികെ നൽകാതിരുന്ന സംഭവത്തിൽ ജില്ല പൊലീസ് മേധാവി നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങൾക്ക് ഇരയായവരിൽ പലരും ഭീഷണി ഭയന്ന് നിയമനടപടിയുമായി മുന്നോട്ട് പോകാൻ മടിക്കുകയാണ്. നോട്ട് നിരോധനത്തെ തുടർന്ന് ധനകാര്യ സ്ഥാപനങ്ങൾ വേണ്ടത്ര വായ്പ പദ്ധതികൾ പ്രഖ്യാപിക്കാത്തതും പട്ടയം പണയപ്പെടുത്തി ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭിക്കാനുള്ള തടസ്സവും ബ്ലേഡ് മാഫിയക്ക് വളരാൻ അവസരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.