കുമളി: ദിവസങ്ങളുടെ ഇടവേളക്കിടയിൽ നാട്ടിലും കാട്ടിലും വന്യജീവികളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതോടെ എന്തു പ്രതിവിധിയെന്നറിയാതെ വനപാലകർ പ്രതിസന്ധിയിലായി. ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റതിനുപിന്നാലെ തേൻ ശേഖരിക്കാൻ കാട്ടിലെത്തിയ ആദിവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത് നാട്ടുകാരെ ഭീതിയിലാക്കി. പെരിയാർ വനമേഖലയിൽനിന്ന് തേൻ ശേഖരിക്കാൻ ആദിവാസികൾക്കാണ് അനുമതിയുള്ളത്. നെല്ലിക്കാംപെട്ടിക്ക് സമീപം തേൻ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ആദിവാസിയായ അർജുനനെ കരടി പിന്നിൽനിന്ന് ആക്രമിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് റോസാപ്പൂക്കണ്ടത്തെ ജനവാസ മേഖലയിലെത്തിയ കാട്ടുപന്നി വീട്ടമ്മയായ ജെസി ജോണിനെ ആക്രമിച്ചത്. തലക്കും ശരീരത്തും പരിക്കേറ്റ ജെസി ജോൺ ചികിത്സയിലാണ്. വേനൽച്ചൂട് കടുത്തതോടെയാണ് കാട്ടിൽനിന്ന് തീറ്റതേടി പന്നി, മ്ലാവ്, കേഴ ഉൾപ്പെടെ ജീവികൾ സമീപ പ്രദേശത്തെ കൃഷിയിടങ്ങളിലെത്തുന്നത്. വനമേഖലയിൽനിന്ന് പന്നി, മ്ലാവ്, കേഴ, ആന തുടങ്ങിയ കൃഷിയിടങ്ങളിൽ പ്രവേശിക്കാതിരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിച്ചില്ല. കാടുംനാടുമായി അതിരിടുന്ന പ്രദേശത്ത് വലിയ കിടങ്ങുകൾ കുഴിച്ചും മതിൽ കെട്ടിയും വൈദ്യുതിവേലി സ്ഥാപിച്ചുമാണ് കാട്ടിലെ ജീവികളുടെ നാട്ടിലേക്കുള്ള സഞ്ചാരം ഇല്ലാതാക്കാൻ കഴിയുന്നത്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് റോസാപ്പൂക്കണ്ടത്ത് നിർമാണം ആരംഭിച്ച കരിങ്കൽഭിത്തി ഇപ്പോഴും പൂർത്തിയാക്കാനോ അതിർത്തിയിൽ കിടങ്ങ് കുഴിക്കാനോ വനപാലകർ താൽപര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നെല്ലിക്കാംെപട്ടി, പച്ചക്കാട് പ്രദേശങ്ങളിൽ ആഴ്ചകളോളം താമസിച്ചാണ് ആദിവാസികൾ മത്സ്യബന്ധനവും തേൻ ശേഖരണവും നടത്തുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസി സംഘങ്ങൾ താൽക്കാലികമായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കൂരക്ക് കീഴിലാണ് ഉൾവനത്തിൽ ഉപജീവനത്തിന് വഴിതേടി കഴിയുന്നത്. ഉൾവനത്തിൽവെച്ച് കരടിയുടെ ആക്രമണം ഉണ്ടായതുപോലെ മുമ്പും ആന ഉൾപ്പെടെ ജീവികളുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. ആദിവാസികൾക്ക് ആവശ്യമായ സുരക്ഷ മുന്നറിയിപ്പുകൾ നൽകുകയും വന്യജീവികളുടെ ആക്രമണം മുൻകൂട്ടി കണ്ട് തടയാനും ആധുനിക ഉപകരണങ്ങളുടെ സൗകര്യങ്ങളോടെ വനപാലകർക്ക് കഴിയുമെങ്കിലും ഇൗ വഴിക്കുള്ള നീക്കങ്ങളൊന്നും വനപാലകർ നടത്തുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.