എ.​ടി.​എ​മ്മു​ക​ൾ കാ​ലി; സ​ഞ്ചാ​രി​ക​ൾ വ​ല​ഞ്ഞു

പീരുമേട്: വിഷു, ഈസ്റ്റർ അഘോഷങ്ങൾക്ക് ഹൈറേഞ്ചിൽ എത്തിയ സഞ്ചാരികളെ കാലിയായ എ.ടി.എം കൗണ്ടറുകൾ വലച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിെൻറ വിവിധ മേഖലകളിൽ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് അവധി ആഘോഷിക്കാൻ എത്തിയത്. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ, പണമില്ലാത്തതിനാൽ അടഞ്ഞുകിടന്ന എ.ടി.എം കൗണ്ടറുകൾ അവരെ ദുരിതത്തിലാക്കി. വാഹനത്തിന് ഇന്ധനം നിറക്കുക, താമസം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് എ.ടി.എമ്മിൽനിന്ന് പണമെടുത്ത് ചെലവഴിക്കാമെന്ന് കരുതിയവരാണ് ശരിക്കും കുഴങ്ങിയത്. പീരുമേട്, കുട്ടിക്കാനം ഏലപ്പാറ മുണ്ടക്കയം ഈസ്റ്റ് എന്നീ സ്ഥലങ്ങളിലെ എ.ടി.എമ്മുകൾ പ്രവർത്തിച്ചിരുന്നില്ല. പീരുമേട്ടിലെ ഒരു എ.ടി.എം കൗണ്ടറിൽ വിഷുദിവസം രാവിലെ വരെ രണ്ടായിരത്തിെൻറ നോട്ടുകൾ ലഭിച്ചിരുന്നത് വൈകീട്ടോടെ തീർന്നു. കൈയിൽ കരുതിയിരുന്ന നാമമാത്രമായ പണം ഉപയോഗിച്ചാണ് പരിമിതമായ രീതിയിൽ പലരും ചെലവുകൾ നിർവഹിച്ചത്. വിഷു ദർശനത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശബരിമല തിർഥാടകരെയും കാലിയായ എ.ടി.എമ്മുകൾ ചതിച്ചു. സഞ്ചാരികളും തിർഥാടകരും എ.ടി.എമ്മുകൾ കയറി ഇറങ്ങുന്നത് കഴിഞ്ഞ മൂന്നുദിവസങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. ബാങ്കുകൾക്ക് പ്രവൃത്തിദിനമായിരുന്ന ശനിയാഴ്ച മണിക്കൂറുകൾ ക്യൂ നിന്നാണ് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ബാങ്കിൽനിന്ന് പണമെടുത്തത്. നോട്ട് ക്ഷാമത്തെ തുടർന്ന് എ.ടി.എമ്മുകളിൽ പണം നിറക്കാതിരുന്നതാണ് തുടർച്ചയായ നാലുദിവസം സഞ്ചാരികളടക്കം ഇടപാടുകാരെ വലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.