തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പുകൽപിച്ച് പരിഹാരം കാണുന്നതിന് കലക്‌ടറുടെ നേതൃത്വത്തില്‍ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിക്ക് ഏപ്രില്‍ 18ന് തൊടുപുഴയില്‍ തുടക്കമാകും. തൊടുപുഴ ന്യൂമാന്‍ കോളജാണ് തൊടുപുഴ താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദി. ഏപ്രില്‍ 11ന് ഇടുക്കി താലൂക്കില്‍ നടത്താനിരുന്ന താലൂക്കുതല ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 21ലേക്ക് മാറ്റി. ദേവികുളം താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി 25ന് മൂന്നാര്‍ പഞ്ചായത്ത് ഹാളിലും ഉടുമ്പന്‍ചോല താലൂക്കിലേത് മേയ് രണ്ടിന് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ ഹാളിലും പീരുമേട് താലൂക്കിലേത് മേയ് 16ന് പീരുമേട് മിനി സിവില്‍ സ്റ്റേഷനിലും നടക്കും. വിവിധ താലൂക്കുകളില്‍ ലഭിച്ച പരാതികളിലും അപേക്ഷകളിലും അടിയന്തരമായി തീരുമാനമെടുത്ത് അപേക്ഷകരെ അറിയിക്കണമെന്ന് കലക്‌ടര്‍ ജി.ആര്‍. ഗോകുല്‍ പറഞ്ഞു. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിന് ഇതിനായുള്ള വെബ്‌പോര്‍ട്ടലിലാണ് (www.cmdrf.kerala.gov.in) അപേക്ഷ നല്‍കേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷകര്‍ക്ക് സഹായങ്ങള്‍ നേരിട്ട് ലഭിക്കാൻ നടപടിയുണ്ടാകും. ജില്ലയില്‍ ഇതുവരെ വിവിധ താലൂക്കുകളില്‍നിന്നായി 6690 അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ 417 എണ്ണത്തില്‍ ഇതിനകം തീര്‍പ്പുകൽപിച്ചു. ഇടുക്കി- 2068, തൊടുപുഴ-3041, ദേവികുളം- 980, ഉടുമ്പന്‍ചോല-460, പീരുമേട്-141 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന തീയതിക്ക് ഒരാഴ്‌ച മുമ്പുവരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. edistrict.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നേരിട്ടോ അടുത്ത അക്ഷയകേന്ദ്രം വഴിയോ സമര്‍പ്പിക്കാം. യോഗത്തില്‍ ആർ.ഡി.ഒ പി.ജി. രാധാകൃഷ്‌ണൻ, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.