ജൈവ ഏലകൃഷിക്ക് പ്രചാരമേറുന്നു

കട്ടപ്പന: രാജ്യാന്തര വിപണിയില്‍ ജൈവ ഏലത്തിന് മികച്ച വിലകിട്ടാന്‍ തുടങ്ങിയതോടെ ജില്ലയില്‍ ജൈവ ഏലകൃഷിക്ക് പ്രചാരമേറുന്നു. വിലയിടിവും ഉല്‍പാദനക്കുറവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജൈവ കൃഷിയിലൂടെ മറികടക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. ജര്‍മനി, കാനഡ, അമേരിക്ക, ഗള്‍ഫ് നാടുകള്‍ എന്നിവടങ്ങളില്‍ ജൈവ ഏലത്തിന് നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി വരെ വിലയുണ്ട്. ഇപ്പോള്‍ ഏലത്തിന് കിലോക്ക് ആയിരം രൂപയിലേറെ വിലയുണ്ട്. എന്നാല്‍, ഉല്‍പാദനം കുറവായതിനാല്‍ ഇതിന്‍െറ ഗുണം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷമാകട്ടെ ഉല്‍പാദനം കൂടിയതിനാല്‍ വില 450-500രൂപ വരെ താഴ്ന്നു. ഇതിന് പിന്നാലെ വന്ന കടുത്ത വേനല്‍ ഏലകൃഷിയുടെ നട്ടെല്ല് തകര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് ജൈവ ഏലകൃഷിക്ക് പ്രസക്തിയേറുന്നത്. കട്ടപ്പന വാഴവീട് മൗവ്വ എസ്റ്റേറ്റ് ഉടമ മഹാരാഷ്ട്ര സ്വദേശി പ്രീതി ശരത് രണ്ടുവര്‍ഷമായി ഏഴ് ഏക്കറില്‍ ജൈവ ഏലകൃഷി നടത്തുന്നു. ജൈവ ഏലം നല്‍കാന്‍ ജര്‍മനിയിലെ ഒരു കമ്പനിയുമായി ധാരണയായിട്ടുണ്ട്. ഓരോ വര്‍ഷവും ജര്‍മന്‍ കമ്പനിയില്‍നിന്നുള്ള വിദഗ്ധര്‍ ഏലത്തോട്ടത്തില്‍ എത്തി ഇല, കായ്, തണ്ട്, വേര്, പൂക്കള്‍, മണ്ണ്, വെള്ളം, നല്‍കുന്ന ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെയെല്ലാം സാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ടുവര്‍ഷവും പരിശോധനാഫലം തൃപ്തികരമായിരുന്നു. ഈവര്‍ഷത്തെ പരിശോധനയും വിജയിച്ചാല്‍ കമ്പനി ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതോടെ, ഈ തോട്ടത്തില്‍നിന്നുള്ള ജൈവ ഏലം മുഴുവന്‍ ജര്‍മനിയിലേക്ക് കയറ്റുമതി ചെയ്യും. വലിപ്പവും ഗുണനിലവാരവും അനുസരിച്ച് കിലോക്ക് 2500 രൂപ മുതല്‍ 3500രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ജൈവകൃഷി തുടങ്ങിയ ആദ്യവര്‍ഷം ഏക്കറില്‍നിന്ന് ശരാശരി 350 കിലോ വിളവ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 500 കിലോയായി. വേനല്‍ തിരിച്ചടിയായെങ്കിലും മറ്റ് തോട്ടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിളവ് പ്രതീക്ഷിക്കുന്നതായി തോട്ടം സൂപ്രണ്ട് മുരളി പറഞ്ഞു. 22 ഇനം പച്ചിലകളും വെച്ചൂര്‍ പശുവിന്‍െറ മൂത്രവും വലിയ ജാറില്‍ 41ദിവസം സൂക്ഷിച്ചു ഉണ്ടാക്കുന്ന കീടനാശിനിയാണ് ഏലത്തിന് തളിക്കുന്നത്. വേപ്പിന്‍ പിണ്ണാക്കും മറ്റ് പത്തോളം പിണ്ണാക്കുകളും ഗോമൂത്രത്തില്‍ പുളിപ്പിച്ചു ചാണകവും ചേര്‍ത്താണ് വളമായി ഉപയോഗിക്കുന്നത്. ഏലത്തിന്‍െറ പൂവ് വര്‍ധിക്കാന്‍ മത്തിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ടോണിക്ക് നല്‍കും. മുട്ടയും ഗോമൂത്രവും ചേര്‍ത്തുണ്ടാക്കുന്ന മറ്റൊരു ടോണിക്ക് ശരത്തിന്‍െറ വളര്‍ച്ചക്ക് ഉപകരിക്കും. കൂടാതെ എല്ലിന്‍ സൂപ്പ്, മത്തി സൂപ്പ് തുടങ്ങിയവയും ചെടിക്കുനല്‍കും. രാസ കീടനാശിനിക്ക് ബദലായി എല്ലാ കീടങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന മികച്ച കീടനാശിനികള്‍ വെച്ചൂര്‍ പശുവിന്‍െറ മൂത്രവും ചാണകവും ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുമെന്ന് മുരളി പറഞ്ഞു. മൗവ്വ എസ്റ്റേറ്റില്‍ ആറ് വെച്ചൂര്‍ പശുക്കളെ ഇതിനായി മാത്രം വളര്‍ത്തുന്നുണ്ട്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അസുഖവും ഇപ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്നില്ളെന്നും തൊഴിലാളികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പത്തുരൂപാ കുറഞ്ഞാലും ജോലിക്ക് തയാറാണെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.