തൊടുപുഴ: കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍നിന്നുള്ള ശീതകാല പച്ചക്കറി സംഭരണത്തില്‍ ഇത്തവണ ഹോര്‍ട്ടികോര്‍പ്പിന് റെക്കോഡ്. സംഭരണത്തിലെ ഗുരുതര വീഴ്ചകളുടെ പേരില്‍ മുന്‍വര്‍ഷങ്ങളിലെല്ലാം പ്രതിക്കൂട്ടില്‍നിന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ് ഈ ഓണക്കാലത്ത് അഭിമാനിക്കാവുന്ന നേട്ടമാണ് ¥ൈകവരിച്ചിരിക്കുന്നത്. സംഭരണത്തിലും വിപണനത്തിലും കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യുന്നതിലുമെല്ലാം കാര്യമായ മുന്നേറ്റം നടത്താന്‍കഴിഞ്ഞു. കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍നിന്നായി ഓണക്കാലത്ത് 600 ടണോളം പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ് സംഭരിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് ഇത് പരമാവധി 150 ടണായിരുന്നു. കഴിഞ്ഞവര്‍ഷം ഈ മേഖലകളില്‍നിന്ന് മൊത്തം സംഭരിച്ചതാകട്ടെ 451 ടണും. ഇതാദ്യമായാണ് ഓണക്കാലത്ത് ഇത്രയും പച്ചക്കറി സംഭരിക്കുന്നതെന്ന് ഹോര്‍ട്ടികോര്‍പ് അധികൃതര്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ് വഴി വര്‍ഷം മുഴുവന്‍ പച്ചക്കറി സംഭരിക്കുമെന്നും കര്‍ഷകര്‍ക്ക് തുക അഡ്വാന്‍സായി നല്‍കുമെന്നും കഴിഞ്ഞമാസം കാന്തല്ലൂര്‍, വട്ടവട മേഖലകള്‍ സന്ദര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സംഭരണം കാര്യക്ഷമമാക്കാനുള്ള നടപടികളുമായി ഹോര്‍ട്ടികോര്‍പ് മുന്നോട്ടുവന്നത്. കര്‍ഷകര്‍ക്കുള്ള തുക വിതരണം ചെയ്യുന്നതിലും ഇത്തവണ ഹോര്‍ട്ടികോര്‍പ് ചരിത്രം തിരുത്തിയെഴുതി. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് സംഭരിക്കുന്ന പച്ചക്കറിയുടെ തുക മാസങ്ങള്‍ കഴിഞ്ഞാലും കൊടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. കടമെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകരെ ഇത് കുറച്ചൊന്നുമല്ല വലച്ചത്. ഇത്തവണ മുന്‍കൂറായിത്തന്നെ തുക നല്‍കാന്‍ കഴിഞ്ഞു. പച്ചക്കറി സംഭരിച്ച വകയില്‍ കാന്തല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് 35 ലക്ഷം രൂപയും വട്ടവടയില്‍ 45 ലക്ഷവും ഓണക്കാലത്ത് നല്‍കി. അവധിയായതിനാല്‍ ഒരാഴ്ചയായി നിര്‍ത്തിവെച്ച സംഭരണം ചൊവ്വാഴ്ച പുനരാരംഭിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ പരാതികള്‍ക്കിട നല്‍കാതെ ഓണക്കാലത്ത് പച്ചക്കറി സംഭരിക്കാന്‍ കഴിഞ്ഞതായി ഹോര്‍ട്ടികോര്‍പ് അധികൃതര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൃഷിമന്ത്രി വൈകാതെ വീണ്ടും കാന്തല്ലൂരിലത്തെുമെന്നാണ് സൂചന. കാന്തല്ലൂരില്‍ 1000 ഏക്കറിലും വട്ടവടയില്‍ മൂവായിരത്തിലധികം ഏക്കറിലുമായിരുന്നു ഇത്തവണ പച്ചക്കറി കൃഷി. കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍, ഉള്ളി, വിവിധയിനം ബീന്‍സുകള്‍, വെളുത്തുള്ളി എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.