അടിമാലി: ആദിവാസിക്കുടികളില്‍ ആവലാതികള്‍ ഒഴിയുന്നില്ല. വീട്, കുടിവെള്ളം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊന്നുമില്ലാതെ ആദിവാസികള്‍ ദുരിതങ്ങള്‍ക്ക് നടുവിലാണ്. ആദിവാസി കോളനികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കോടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയൊന്നും അര്‍ഹരിലേക്ക് എത്തുന്നില്ല. അടിമാലി, ദേവികുളം ബ്ളോക്കുകള്‍ക്ക് കീഴിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 87 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ബ്ളോക്കുകളില്‍ നടത്തിയെങ്കിലും പല കോളനികളിലും പേരിനുപോലും എത്തിയില്ല. മാത്രമല്ല, ആദിവാസികളുടെ 1400 ഹെക്ടറോളം ഭൂമി നാട്ടുപ്രമാണിമാര്‍ കൈയടക്കി. അടിമാലി പഞ്ചായത്തിലെ ഒഴുവത്തടം, പടിക്കപ്പ്, പരിശകല്ല്, മച്ചിപ്ളാവ്, നൂറാംകര, തലമാലി കോളനികളില്‍ 96 ശതമാനം ആദിവാസികള്‍ക്കും ഭൂമി നഷ്ടമായി. മൂന്നാര്‍, ചിക്കനാല്‍, മറയൂര്‍, കാന്തലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ ബഹുഭൂരിപക്ഷവും റിസോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈവശമാണ്. 2007ല്‍ ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് 301 ആദിവാസികളെ സര്‍ക്കാര്‍ കുടിയിരുത്തി. എന്നാല്‍, ഒമ്പതു കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഒഴിഞ്ഞുപോയി. ഇവരുടെ ഭൂമി റിസോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈവശമാണ്. ഇവരുടെ ദൈനംദിന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പട്ടികവര്‍ഗ വകുപ്പിനും ആയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിക്കുന്ന സര്‍ക്കാര്‍ ഫണ്ടും ഇവരിലേക്ക് എത്തുന്നില്ല. പഞ്ചായത്ത്-ജില്ല-താലൂക്ക് ആസ്ഥാനം, ആശുപത്രി എന്നിവിടങ്ങളില്‍ എത്താന്‍ കാല്‍നടയായി സഞ്ചരിക്കണം. വാഹനകൂലിയായി 2000 രൂപ കൊടുക്കേണ്ടിവരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന വിഭാഗവും പട്ടിണിയിലാണ്. വനവിഭവങ്ങള്‍ വിതരണം ചെയ്യുന്നത് സാമ്പത്തിക ബാധ്യതയായതിനാല്‍ സഹകരണ സംഘങ്ങള്‍ നിര്‍ത്തി. തേന്‍, തെള്ളി, ഇഞ്ച, കുറുന്തോട്ടി, കൂവ, കാട്ടുപടവലം എന്നീ വനവിഭവങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. തേന്‍ എടുത്ത് പൊതുവിപണികളില്‍ എത്തിക്കുന്നുണ്ടെങ്കിലും ന്യായമായ വില ലഭിക്കുന്നില്ല. ഇടനിലക്കാരുടെ ചൂഷണവുമുണ്ട്. തെന, കുറുമ്പുല്ല്, നെല്ല് തുടങ്ങിയ പരമ്പരാഗത കൃഷികള്‍ ഉള്‍ക്കാടുകളില്‍ നടത്താന്‍ കഴിയുന്നില്ല. കാടുവെട്ടിത്തെളിച്ച് തീയിട്ട് കൃഷി ചെയ്യാന്‍ വനം വകുപ്പ് അനുവദിക്കാത്തതാണ് കാരണം. ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ ചികിത്സാസൗകര്യവുമില്ല. ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് വാങ്ങാന്‍പോലും കിലോമീറ്ററുകള്‍ സഞ്ചരിക്കണം. കുടികളില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഏകആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.