തൊടുപുഴ ഡിപ്പോയില്‍ റെക്കോഡ് വരുമാനം: കെ.എസ്.ആര്‍.ടി.സിക്ക് ഓണക്കൊയ്ത്ത്

തൊടുപുഴ: പരിമിതികള്‍ക്കിടയിലും അവധി ദിനങ്ങളോടനുബന്ധിച്ച ദിവസങ്ങളില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ധന. എന്നാല്‍, വലിയ വരുമാനം പ്രതീക്ഷിച്ച ചില ഡിപ്പോകള്‍ നിരാശപ്പെടുത്തി. തൊടുപുഴ ഡിപ്പോയില്‍ മികച്ച വരുമാനാണ് തുടര്‍ച്ചയായ അവധിക്ക് മുന്നോടിയായി ലഭിച്ചത്. ഈ വര്‍ഷത്തെ റെക്കോഡ് വരുമാനമാണ് ലഭിച്ചതെന്ന് തൊടുപുഴ ഡിപ്പോ അധികൃതര്‍ പറഞ്ഞു. തൊടുപുഴ ഡിപ്പോക്ക് ചൊവ്വാഴ്ചയും വ്യാഴാഴ്ചയും അഞ്ചു ലക്ഷം വീതവും വെള്ളിയാഴ്ച ആറേകാല്‍ ലക്ഷവും വരുമാനം ലഭിച്ചു. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവ് മൂലം സര്‍വിസുകള്‍ മുടങ്ങിയതിനാല്‍ മൂന്നാര്‍ ഡിപ്പോയില്‍ പ്രതീക്ഷിച്ചത്ര വരുമാനം കിട്ടിയില്ല. മൂന്നു ലക്ഷംവരെ പ്രതിദിനം വരുമാനം ലഭിക്കുന്ന ഡിപ്പോയില്‍ മുന്‍ വര്‍ഷങ്ങളിലെ ഓണക്കാലത്ത് ആറു ലക്ഷംവരെ ലഭിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച 4,85,000 രൂപയായിരുന്നു വരുമാനം. കണ്ടക്ടര്‍മാരുടെ 19ഉം ഡ്രൈവര്‍മാരുടെ 11ഉം ഒഴിവാണ് ഇവിടെയുള്ളത്. ഇത് സര്‍വിസുകള്‍ താളംതെറ്റിച്ചു. ഇതിനിടെ, വെള്ളിയാഴ്ച തമിഴ്നാട് ബന്ദ് വന്നതും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ബാധിച്ചു. കുമളി ഡിപ്പോയില്‍ വെള്ളിയാഴ്ച മൂന്നു ലക്ഷം വരുമാനമാണ് ലഭിച്ചത്. ഇവിടെയും സര്‍വിസ് മുടക്കം തിരിച്ചടിയായി. കട്ടപ്പനയില്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ളെങ്കിലും കാര്യമായ കുറവ് സംഭവിച്ചില്ളെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. പ്രതിദിനം നാലര ലക്ഷം രൂപയായിരുന്ന വരുമാനം അഞ്ചു ലക്ഷമായി. ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിരവധി സര്‍വിസുകള്‍ തിരുവോണനാളിലും അവധിദിനങ്ങളിലും റദ്ദാക്കി. ലാഭകരമല്ലാത്ത ഗ്രാമീണ സര്‍വിസുകളും ചില ഡിപ്പോകളില്‍നിന്ന് അപ്രത്യക്ഷമായി. ഇത് അവധി ദിനങ്ങളിലെ ഗ്രാമീണ യാത്ര ദുസ്സഹമാക്കി. കഴിഞ്ഞ ശനി, വ്യാഴം ദിവസങ്ങളിലാണ് ജില്ലയില്‍ മികച്ച വരുമാനം ലഭിച്ചതെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സര്‍വിസുകള്‍ പലയിടത്തും മുടങ്ങിയത് വരുമാനത്തെ ബാധിച്ചു. എന്നാല്‍, പ്രധാന സര്‍വിസുകളൊന്നും മുടങ്ങിയില്ളെന്നാണ് അധികൃതര്‍ പറയുന്നത്. തൊടുപുഴ, മൂലമറ്റം, മൂന്നാര്‍, കുമളി, കട്ടപ്പന എന്നീ അഞ്ച് ഡിപ്പോകളാണ് ജില്ലയിലുള്ളത്. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ മികച്ച വര്‍ധന ഉണ്ടായതായി ഡി.ടി.ഒ പറഞ്ഞു. വരും ദിവസങ്ങളിലും മികച്ച വരുമാനം നേടാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.