തൊടുപുഴ: നഗരത്തില്‍ ദമ്പതികളെ ആക്രമിച്ച് 1.70 ലക്ഷവും അഞ്ചര പവനും കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം അയല്‍ ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രതികളുടെ നീക്കം നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇവര്‍ എവിടെയാണെന്ന് കൃത്യമായ വിവരം ലഭിക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. ഒഡിഷ, എറണാകുളം, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രമേഷ് ഒഡിഷയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, കസ്റ്റഡിയിലെടുത്ത ജഹാംഗീറിനെ ആക്രമണത്തിനിരയായ ബാലചന്ദ്രനും ഭാര്യ ശ്രീജയും തിരിച്ചറിയാത്തതിനാല്‍ ഇയാള്‍ നിരപരാധിയാണെന്നുകണ്ട് പൊലീസ് കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. ജഹാംഗീറുമായി തെളിവെടുക്കുകയും ദമ്പതികള്‍ക്കുമുന്നില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്തെങ്കിലും മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചില്ല. കവര്‍ച്ച നടന്ന വീടിന് സമീപത്തെ ടൈല്‍ നിര്‍മാണ യൂനിറ്റില്‍ അടുത്തിടെ ജോലിചെയ്ത മറുനാടന്‍ തൊഴിലാളി ചിങ്കു എന്നയാളും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. രമേഷിനെയും ഇയാളെയും ഉടന്‍ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും അന്വേഷണം പ്രഹസനമാണെന്ന് പരക്കേ ആക്ഷേപമുണ്ട്. നഗരമധ്യത്തില്‍ കവര്‍ച്ച നടന്ന് നാലുദിവസം പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും പിടിക്കാനാകത്തത് പൊലീസിന് നാണക്കേടായി. തൊടുപുഴ നഗരത്തില്‍ രാത്രികാല പട്രോളിങ് ശക്തമാക്കിയതിനുപിന്നാലെ നടന്ന കവര്‍ച്ച പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോന്‍ പറഞ്ഞു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍നിന്നും മൂവാറ്റുപുഴയില്‍നിന്നും ദിനംപ്രതി നിരവധി തൊഴിലാളികള്‍ കരാറുകാരും ഏജന്‍റുമാരും വഴി തൊടുപുഴയില്‍ എത്തുന്നുണ്ട്. ഇവര്‍ മാസങ്ങള്‍ തൊടുപുഴയില്‍ തമ്പടിച്ചാലും വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. അടുത്തിടെ, തൊടുപുഴ പൊലീസ് വിവിധ കേസുകളില്‍ പിടികൂടിയ കൂടുതല്‍ പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വരുംദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്നും കൃത്യമായ രേഖകളില്ലാത്തര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷമെ ഒഡിഷയിലേക്ക് തിരിക്കൂവെന്ന് തൊടുപുഴ എസ്.ഐ ജോബിന്‍ ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.