നെടുങ്കണ്ടം–കാസര്‍കോട് സര്‍വിസ് നിലച്ചു

നെടുങ്കണ്ടം: കൊട്ടും കുരവയുമായി ആരംഭിച്ച നെടുങ്കണ്ടം-കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നാലു മാസം തികയും മുമ്പ് നിലച്ചു. വൈകീട്ട് മൂന്നിന് നെടുങ്കണ്ടത്തുനിന്നും കട്ടപ്പന, ഇടുക്കി, ചെറുതോണി, മൂലമറ്റം, തൊടുപുഴ, തൃശൂര്‍, കോഴിക്കോട് വഴി കാസര്‍കോട്ടേക്ക് സര്‍വിസ് നടത്തിയ ബസാണ് നിര്‍ത്തിയത്. ചെമ്പകക്കുഴിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ അന്തര്‍ സംസ്ഥാനം ഉള്‍പ്പെടെ 25ഓളം സര്‍വിസുകള്‍ നെടുങ്കണ്ടത്തുനിന്ന് ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കേരള-തമിഴ്നാട് സര്‍ക്കാറുകള്‍ ചര്‍ച്ച നടത്തിയെന്നും പറഞ്ഞാണ് കഴിഞ്ഞ മേയില്‍ ദീര്‍ഘദൂര സര്‍വിസ് ആരംഭിച്ചത്. 10 പുതിയ സര്‍വിസുകളാണ് അന്ന് നെടുങ്കണ്ടത്തുനിന്ന് ആരംഭിച്ചത്. സംസ്ഥാനാന്തര സര്‍വിസ് ലക്ഷ്യമിട്ട് ആരംഭിച്ച നെടുങ്കണ്ടം-കാസര്‍കോട് ബസ് വന്‍ലാഭത്തിലായിരുന്നു. ആവശ്യത്തിനു ഡ്യൂട്ടി ലഭിക്കുന്നില്ളെന്ന കാരണത്താലാണ് സര്‍വിസ് നിര്‍ത്തിയെന്ന് പറയപ്പെടുന്നു. 35,000 രൂപയിലധികമായിരുന്നു വരുമാനം. കട്ടപ്പന-തൊടുപുഴ വഴിയാണ് കാസര്‍കോട്ടേക്ക് പുറപ്പെട്ടിരുന്നത്. നെടുങ്കണ്ടത്തെയും പൈനാവിലെയും സര്‍ക്കാര്‍ ഓഫിസുകളില്‍ യഥാസമയം എത്താന്‍ ജീവനക്കാര്‍ക്ക് കഴിയുമായിരുന്നു. 1200 കിലോമീറ്ററോളം സഞ്ചരിക്കുന്ന ഒരു ട്രിപ്പിന് ജീവനക്കാര്‍ക്ക് അഞ്ച് ഡൂട്ടി ലഭിക്കുമായിരുന്നു. ഇത് ആറാക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.