പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള തീയതിയെച്ചൊല്ലി തര്‍ക്കം

തൊടുപുഴ: നഗരസഭയിലെ 2016-17 വര്‍ഷത്തെ പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള തീയതിയെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി ആന്‍റണി പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിനുശേഷം വെള്ളിയാഴ്ച ചര്‍ച്ച നടത്താന്‍ യോഗം ചേരാമെന്ന് കൗണ്‍സിലിലെ ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ ഇതിനെ അസൗകര്യങ്ങള്‍ പറഞ്ഞ് എതിര്‍ത്തു. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ യോഗം 19ലേക്ക് മാറ്റുന്നതായി പറഞ്ഞ് യോഗം അവസാനിപ്പിച്ചു. എന്നാല്‍, ചര്‍ച്ച നീളുന്നതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തിനുശേഷവും അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ യോഗം ചേര്‍ന്നതിന് ശേഷം പിരിയാനും തുടര്‍ന്ന് ശനിയാഴ്ച യോഗം തുടരാനും തീരുമാനിക്കുകയായിരുന്നു. 7.67 കോടിയുടെ പദ്ധതി നിര്‍ദേശങ്ങളാണ് പ്രഫ. ജെസി ആന്‍റണി അവതരിപ്പിച്ചത്. ഇതില്‍ 3,12,17,000 രൂപ പദ്ധതി വിഹിതമായും 3,83,65,000 രൂപ ധനകാര്യ കമീഷന്‍ അവാര്‍ഡായും 71,42,000 രൂപ പട്ടികവര്‍ഗ ഉപ പദ്ധതിപ്രകാരവും വകയിരുത്തി. ഓരോ വാര്‍ഡിലേക്കും പൊതുമരാമത്ത് പണികള്‍ക്ക് 15,10,000 രൂപയും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി 17 ലക്ഷം രൂപയും വിനിയോഗിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കേണ്ടി വരുന്നതിനാല്‍ പലതിനും ആവശ്യമായ ഫണ്ട് മാറ്റിവെക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, പരിമിതികളില്‍നിന്ന് പരമാവധി വകയിരുത്തിയെന്നും അവര്‍ പറഞ്ഞു. പതിവിന് വിപരീതമായി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണാണ് അധ്യക്ഷ സ്ഥാനത്തിരുന്നത്. 10.30ന് തുടങ്ങുമെന്ന് പറഞ്ഞ യോഗത്തിലേക്ക് 11 മണിയായിട്ടും ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും എത്തിയില്ല. തുടര്‍ന്ന് പ്രഫ. ജെസി ആന്‍റണി അധ്യക്ഷസ്ഥാനത്തിരിക്കുകയും അജണ്ട പരിഗണിക്കുകയും ചെയ്തു. ചെയര്‍പേഴ്സണോ വൈസ് ചെയര്‍മാനോ സമയത്തിന് എത്തിയില്ളെങ്കില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണിന് അധ്യക്ഷ സ്ഥാനം വഹിക്കാന്‍ ചട്ടമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.