ഇലവീഴാപൂഞ്ചിറയിലെ കൈയേറ്റ സ്ഥലത്ത് ബഹുനില റിസോര്‍ട്ടിന് പദ്ധതി

മുട്ടം: ഇലവീഴാപൂഞ്ചിറയില്‍ കൈയേറിയ പ്രദേശത്ത് ബഹുനില റിസോര്‍ട്ട് പണിയാന്‍ പദ്ധതി. റിസോര്‍ട്ട് പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് പത്തടി വീതിയില്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നു. കൈയേറ്റ മേഖലയില്‍ നിലവിലുള്ള ചെറുറിസോര്‍ട്ടിന് സമീപം ബഹുനില റിസോര്‍ട്ടിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കും. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് അധികൃതരുടെയും ഒത്താശയോടെയാണ് നിര്‍മാണമെന്ന് ആക്ഷേപമുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പരിസ്ഥിതിലോല പ്രദേശം ഒരു അനുമതിയും ഇല്ലാതെയാണ് ഇടിച്ച് നിരപ്പാക്കുന്നത്. നിര്‍മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളൊന്നും പാലിച്ചിട്ടില്ല. പാരാഗൈ്ളഡിങ്ങിന് എന്ന പേരിലാണ് മണ്ണിട്ട് നിരപ്പാക്കിയത്. എല്ലാ വര്‍ഷവും പാരാഗൈ്ളഡിങ് നടക്കുന്നത് ഇവിടെയാണ്. ഇതിന് സമീപം പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ലക്ഷ്യമിട്ട് കാര്‍ഷിക നഴ്സറി നിര്‍മിക്കാനും ആലോചനയുണ്ട്. റിസോര്‍ട്ടിന് സമീപം വാച്ച് ടവറും സ്ഥാപിക്കും. സംസ്ഥാനത്തെ ഏറ്റവും ഉയരംകൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് ഇലവീഴാപൂഞ്ചിറ. ഇതിന് അരകിലോമീറ്റര്‍ അപ്പുറത്ത് സര്‍ക്കാര്‍ റിസോര്‍ട്ട് ഉണ്ടെങ്കിലും അവിടെനിന്നാല്‍ ഇത്രയും വിദൂര ദൃശ്യഭംഗി ലഭിക്കില്ല. കുന്നുകള്‍ അരിഞ്ഞ് റോഡിന്‍െറ ഏകദേശ പണി പൂര്‍ത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.