ക്ളാസ്മുറിയിലെ അധ്യാപകന്‍, കരവിരുതുള്ള ശില്‍പി

ചെറുതോണി: അധ്യാപകവൃത്തിയോടൊപ്പം ശില്‍പ നിര്‍മാണത്തിലും മികവ് തെളിയിക്കുകയാണ് കാളിയാര്‍ സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തേക്കനാല്‍ ജോസ്. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്നതിനിടെ ഇദ്ദേഹത്തിന്‍െറ കരവിരുതില്‍ പിറന്നത് കവിത തുളുമ്പുന്ന ഇരുന്നൂറോളം ശില്‍പങ്ങള്‍. ആരെയും ആകര്‍ഷിക്കുന്ന പൈങ്ങോട്ടൂര്‍ കവലയിലെ ഗാന്ധിപ്രതിമ, എഴുകുംവയല്‍ കുരിശുമലയില്‍ സ്ഥാപിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപം, ചെറുതോണിയില്‍ സി.പി.എം ജില്ലാ കമ്മിറ്റി മന്ദിരത്തിന് മുന്നിലെ ശില്‍പം തുടങ്ങി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജോസിന്‍െറ ശില്‍പചാതുരി വിളിച്ചോതുന്ന സൃഷ്ടികള്‍ കാണാം. 1981ല്‍ കോട്ടയത്തെ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്നാണ് ജോസ് ശില്‍പകലയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് വൈക്കം ക്ഷേത്രകലാ പീഠത്തില്‍നിന്ന് കളമെഴുത്തില്‍ പ്രാവീണ്യം നേടി. നാഗപ്പുഴ സെന്‍റ് മേരീസ് പള്ളിയുടെ അള്‍ത്താരയില്‍ മാതാവിന്‍െറ രൂപം കളമെഴുതി പ്രശംസ പിടിച്ചുപറ്റി. കേരളത്തില്‍ ആദ്യമായാണ് കളമെഴുത്ത് ക്രിസ്തീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്. 1986ല്‍ കഞ്ഞിക്കുഴി സെന്‍റ് മേരീസ് ഹൈസ്കൂളില്‍ അധ്യാപകനായി. അപ്പോഴും ശില്‍പനിര്‍മാണം മുടക്കിയില്ല. 1986ല്‍ കോട്ടയത്ത് നടന്ന അഖിലകേരള പെയ്ന്‍റിങ് മത്സരത്തില്‍ രണ്ടാംസ്ഥാനം നേടി. മാര്‍ബ്ള്‍ പൊടിയും വൈറ്റ് സിമന്‍റും കമ്പിയുമുപയോഗിച്ചാണ് ശില്‍പ നിര്‍മാണം. ആദ്യം നിശ്ചിതമായ കണക്കുകള്‍ തയാറാക്കും. ശിരസ്സിന്‍െറ നീളത്തിന്‍െറ ഏഴര ഇരട്ടിയാണ് ശിരസ്സുമുതല്‍ പാദംവരെയുള്ള നീളം. മുട്ടുവരെ അഞ്ചര ഇരട്ടിയും പൊക്കിള്‍വരെ ശിരസ്സിന്‍െറ മൂന്നിരട്ടിയും ഉയരത്തിലാണ് ഓരോ പ്രതിമയും തീര്‍ക്കുക. ചെവിക്കും മൂക്കിനും ഒരേ നീളം. ജോസിന്‍െറ ശില്‍പങ്ങളില്‍ ആകൃഷ്ടനായി ഒരിക്കല്‍ നേരിട്ട് കാണാനത്തെിയ നെയ്യാറ്റിന്‍കര സ്വദേശി സത്യന്‍ സഹായിയായി ഇപ്പോഴും കൂടെയുണ്ട്. തന്‍െറ കലാവാസനകള്‍ കണ്ടത്തെി പ്രോത്സാഹിപ്പിച്ചത് സഹാധ്യാപകനായിരുന്ന കമലാസനന്‍ ആണെന്ന് ജോസ് പറയുന്നു. ഇടുക്കി ബിഷപ്പിന്‍െറ സഹോദരനും മാര്‍ എപ്രേം സെമിനാരി റെക്ടറുമായ ഫാ. തോമസ് ആനിക്കുഴിക്കാട്ടിലും പിന്തുണയേകി. ഭാര്യ ആന്‍സി ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. വിദ്യാര്‍ഥികളായ ആല്‍ബിനും അഞ്ജനയുമാണ് മക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.