രോഗികള്‍ ദുരിതത്തില്‍ ആംബുലന്‍സ് നാലുമാസമായി കട്ടപ്പുറത്ത്

ഉപ്പുതറ: ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ടയറില്ലാതെ കട്ടപ്പുറത്തായിട്ട് നാലുമാസം. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സാണ് ആശുപത്രി അധികൃതരുടെ പിടിപ്പുകേട് കാരണം കട്ടപ്പുറത്തായത്. ആംബുലന്‍സ് വന്നപ്പോള്‍ തന്നെ വിവാദവും ഉടലെടുത്തിരുന്നു. ഇതിന്‍െറ പ്രവര്‍ത്തനവും ഡ്രൈവറുടെ നിയമനവുമെല്ലാം വിവാദമായി. വിവാദത്തെയെല്ലാം അതിജീവിച്ച് ചുരുങ്ങിയ റേറ്റില്‍ ആംബുലന്‍സ് ഓടിച്ചു. ഇത് ഉപ്പുതറയിലെ സാധാരണക്കാര്‍ക്കും ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും അനുഗ്രഹമായിരുന്നു. കുറഞ്ഞ തുകയില്‍ വിദഗ്ധ ചികിത്സക്കായി രോഗികളെ കൊണ്ടുപോകാനും കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞതോടെ ആംബുലന്‍സിന്‍െറ സ്ഥാനം മോര്‍ച്ചറിക്ക് മുന്നിലെ കട്ടപ്പുറത്തായി. കഴിഞ്ഞ ഒമ്പതിന് ആശുപത്രി വികസനസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, 23 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഓഫിസറായ മെഡിക്കല്‍ ഓഫിസര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ആംബുലന്‍സിന്‍െറ സേവനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതിനിടെ കഴിഞ്ഞ 23ന് ഡ്രൈവറെ നിയമിക്കാന്‍ ഇന്‍റര്‍വ്യൂ നടത്തി. എന്നാല്‍, ഇതുവരെ നിയമിച്ചിട്ടില്ല. മോര്‍ച്ചറിയിലിട്ട ആംബുലന്‍സ് ഫോര്‍മാന്‍ നോക്കിയശേഷം മാത്രമെ പണിയാന്‍ കഴിയൂവെന്നായിരുന്നു അധികൃതരുടെ ആദ്യ വിശദീകരണം. ഫോര്‍മാന്‍ നോക്കിയിട്ട് മൂന്നുമാസം കഴിഞ്ഞു. ആംബുലന്‍സ് ഓടിച്ചാല്‍ ഓഡിറ്റ് ഒബ്ജക്ഷനുണ്ടാകുമെന്ന പേടിയാണ് അധികൃതര്‍ ആംബുലന്‍സ് ഓടിക്കാത്തതെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.