നഴ്സിങ് കോളജിലെ മോഷണം: പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കട്ടപ്പന: സെന്‍റ് ജോണ്‍സ് നഴ്സിങ് കോളജിലെ മോഷണത്തിന് അറസ്റ്റിലായ പ്രതി സ്ത്രീ പീഡനമടക്കം നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്. നഴ്സിങ് കോളജിലെ ഓഫിസ് മുറിയില്‍നിന്ന് രണ്ടു ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ആനവിലാസം ചെങ്കര കന്നിക്കല്ല് കാരക്കാട്ട് വീട്ടില്‍ സോബിനെയാണ് (27) നേരത്തേ അറസ്റ്റ് ചെയ്തത്. പുല്ലുമേട്ടില്‍ വയോധികയെ പീഡിപ്പിക്കുകയും വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് പണം മോഷ്ടിക്കുകയും ചെയ്ത കേസില്‍ വിചാരണ നേരിടുന്നയാളാണ് സോബിന്‍. മോഷ്ടിക്കുന്ന പണം മദ്യപാനത്തിനും ആഡംബര ജീവിതത്തിനുമാണ് വിനിയോഗിച്ചിരുന്നത്. കട്ടപ്പന കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച സ്ഥലത്തത്തെിച്ചു തെളിവെടുത്തു. ആഗസ്റ്റ് എട്ടിന് രാത്രിയിലായിരുന്നു നഴ്സിങ് കോളജിലെ മോഷണം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിയെ കാണാനത്തെിയ സോബിന്‍ ആശുപത്രിയും പരിസരവും നിരീക്ഷിച്ച് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. പിറ്റേന്ന് രാത്രി എട്ടോടെ ആശുപത്രിയിലത്തെിയ സോബിന്‍ പന്നിക്കൂടിന് സമീപം തുറസ്സായ സ്ഥലത്ത് കിടന്ന 10 കിലോ ചെമ്പുകമ്പി മോഷ്ടിച്ച് കട്ടപ്പനയിലെ കടയില്‍ വിറ്റു. തിരിച്ചത്തെി നഴ്സിങ് കോളജ് കെട്ടിടത്തിന്‍െറ പൂട്ട് തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 1,95,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പൊലീസിനു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മോഷണത്തിന് ഉപയോഗിച്ച കമ്പിവടി, തകര്‍ത്ത പൂട്ടുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ തെളിവെടുപ്പിനിടെ ആശുപത്രി വളപ്പില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കട്ടപ്പന ഡിവൈ.എസ്.പി, എന്‍.സി. രാജ്മോഹന്‍, സി.ഐ വി.എസ്. അനില്‍കുമാര്‍, എസ്.ഐ മഹേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.