സന്നദ്ധ സംഘടനകളുടെ മറവില്‍ ഇടമലക്കുടിയില്‍ ചൂഷണമെന്ന് റിപ്പോര്‍ട്ട്

തൊടുപുഴ: ചില സന്നദ്ധ സംഘടനകളുടെ മറവില്‍ ഇടമലക്കുടിയില്‍ വിവിധ തരത്തിലുള്ള ചൂഷണം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഇടമലക്കുടിയെക്കുറിച്ച് വ്യാജ പ്രചാരണങ്ങളിലൂടെ ചിലര്‍ മുതലെടുപ്പ് നടത്തുന്നതായാണ് ഇവിടത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്‍െറ കണ്ടത്തെല്‍. ഇടമലക്കുടിയില്‍ നരബലിയും പട്ടിണി മരണവും നടക്കുന്നതായ പ്രചാരണങ്ങള്‍ ഇത്തരം ചൂഷണങ്ങളുടെ ഭാഗമായാണെന്നാണ് അന്വേഷണ സംഘത്തിന്‍െറ വിലയിരുത്തല്‍. പട്ടിണിയോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ നിലവില്‍ ഇടമലക്കുടി നിവാസികളെ അലട്ടുന്നില്ളെന്നാണ് വിവിധ കുടികള്‍ സന്ദര്‍ശിച്ച സംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ചില ആദിവാസി സംഘടനകള്‍പോലും രാഷ്ട്രീയ മുതലെടുപ്പിന് ഇടമലക്കുടിയെ ആയുധമാക്കുന്നുണ്ടത്രേ. ഇതുസംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായാണ് സൂചന. ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് ഉടന്‍ ഇടമലക്കുടി സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് ശേഷം അന്തിമറിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇടമലക്കുടിയിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായുള്ള സമഗ്ര കര്‍മപദ്ധതിക്ക് രൂപംനല്‍കുമെന്നും അറിയുന്നു. എ.എം. ഫക്രുദ്ദീന്‍, ലൈജാമോള്‍, വി.കെ. മധു, കെ.ബി. ഖദീജ എന്നിവരെയാണ് ട്രൈബല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുള്ളത്. വിവിധ കുടികളില്‍ ക്യാമ്പ് ചെയ്യുന്ന സംഘം ജില്ലാ പൊലീസ് മേധാവി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇടമലക്കുടി നിവാസികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആല്‍ബവും തയാറാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.