മുല്ലപ്പെരിയാര്‍ ജലനിരപ്പ് 110 അടി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴടി കുറവ്

കുമളി: മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓരോദിവസവും കുറയുമ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ വഴികാണാതെ വിഷമിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. അണക്കെട്ടില്‍ നിലവില്‍ 110 അടി ജലം മാത്രമാണുള്ളത്. നീരൊഴുക്ക് പൂര്‍ണമായി നിലച്ചെങ്കിലും തമിഴ്നാട്ടിലെ രൂക്ഷ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സെക്കന്‍ഡില്‍ 310 ഘനയടി ജലമാണ് കൊണ്ടുപോകുന്നത്. വരുംദിവസങ്ങളില്‍ അളവ് കൂട്ടാനാണ് സാധ്യത. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ നിലവില്‍ 22 അടി മാത്രമാണ് ജലനിരപ്പ്. മധുര, ദിണ്ഡുഗല്‍ ജില്ലകളിലെ കുടിവെള്ള ആവശ്യത്തിനാണ് വൈഗയിലെ ജലം ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 117.40 അടിയായിരുന്നു. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 516 ഘനയടി ജലമാണ് അന്ന് ഒഴുകിയത്തെിയിരുന്നത്. നീരൊഴുക്ക് പൂര്‍ണമായും നിലച്ചഘട്ടത്തില്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം എടുക്കുന്നത് ജലനിരപ്പ് ഏറെ താഴാന്‍ ഇടയാക്കും. അണക്കെട്ടുമായി ചേര്‍ന്നുള്ള തേക്കടി തടാകത്തില്‍നിന്നാണ് കുമളി, ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നത്. തടാകത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് ജലം ഒഴുകുന്ന തേക്കടി കനാലില്‍ ജലനിരപ്പ് താഴുന്നത് കുടിവെള്ളം ശേഖരിക്കുന്നതിനും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.