മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന് വേണം ചികിത്സ

മുട്ടം: മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ (സി.എച്ച്.സി) കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. എന്നിട്ടും സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍) വിട്ടുനല്‍കുന്നില്ല. സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ കെട്ടിടങ്ങളില്‍ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയാണ്. തലനാരിഴക്കാണ് ഡോക്ടറും രോഗികളും കഴിഞ്ഞദിവസം രക്ഷപ്പെട്ടത്. മുട്ടം സി.എച്ച്.സി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ മരുന്ന് സംഭരണ കേന്ദ്രം ചെറുതോണിക്ക് മാറ്റിയിട്ട് മാസങ്ങളായി. കെട്ടിടം വിട്ടുതരണമെന്ന സി.എച്ച്.സി അധികൃതരുടെ മാസങ്ങളായുള്ള ആവശ്യം ബന്ധപ്പെട്ട വകുപ്പുകള്‍ പരിഗണിച്ചിട്ടില്ല. ജില്ലാ-താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സി.എച്ച്.സികള്‍ എന്നിവയടക്കം ജില്ലയിലെ 64 കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്ന് വിതരണം ചെയ്യുന്നത് കെ.എം.എസ്.സി.എല്ലാണ്. തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ മരുന്ന് വിതരണ കേന്ദ്രം 2001ലാണ് മുട്ടത്തേക്ക് മാറ്റിയത്. അന്ന് മറ്റ് കെട്ടിടങ്ങള്‍ ലഭ്യമാകാത്തതിനാല്‍ മുട്ടം സി.എച്ച്.സിക്കായി നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇതോടെ കിടത്തിച്ചികിത്സക്കടക്കമുള്ള സേവനങ്ങള്‍ ഇല്ലാതായി.ഇതിനിടെ, മരുന്ന് സംഭരണ കേന്ദ്രം ചെറുതോണിയിലേക്ക് മാറ്റി. എന്നാല്‍, മുട്ടത്തെ കെട്ടിടം സി.എച്ച്.സിക്ക് വിട്ടുനല്‍കാന്‍ കെ.എം.എസ്.സി.എല്‍ തയാറായിട്ടില്ല. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കെ.എം.എസ്.സി.എല്ലിന്‍െറ സംസ്ഥാന ഘടകമാണെന്ന് ജില്ലാ മാനേജര്‍ പറഞ്ഞു. ഉപയോഗക്ഷമമല്ലാത്ത മരുന്നുകളും അലമാര, മേശ തുടങ്ങിയ ഉപകരങ്ങളുമാണിവിടെ കൂടിക്കിടക്കുന്നത്. മാസങ്ങളായി ഈ കെട്ടിടം പ്രവര്‍ത്തിക്കാത്തത് മൂലം പൊടിപടലങ്ങള്‍ പിടിച്ചു വൃത്തിഹീനമാണ്. ദിനംപ്രതി നിരവധി രോഗികളത്തെുന്ന ആശുപത്രിക്ക് സമീപത്തെ അലങ്കോലമായി കിടക്കുന്ന കെട്ടിടം വൃത്തിയാക്കാന്‍പോലും ആരും തയാറാകുന്നില്ല. കെട്ടിടം പ്രവര്‍ത്തനരഹിതമായതിനാല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഇല്ലാതാകുന്നത്. കെട്ടിടം വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ളോക് പഞ്ചായത്ത് ഭരണസമിതിക്കും ഡി.എം.ഒക്കും സി.എച്ച്.സി അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, കെട്ടിടം ആശുപത്രിക്ക് ലഭ്യമാകാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം എം.എല്‍.എ അടക്കം ജനപ്രതിനിധികളും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.