സ്ത്രീകള്‍ ഒഴിഞ്ഞകുടവും ബക്കറ്റുമായി സബ് കലക്ടറെ തടഞ്ഞു

മൂന്നാര്‍: കുടിവെള്ളക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വട്ടവട ചിലന്തിയാറിലെ സ്ത്രീകള്‍ ഒഴിഞ്ഞകുടവും ബക്കറ്റുകളുമായി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തടഞ്ഞു. ചിലന്തിയാറിലെ അമ്പതോളം വരുന്ന സ്ത്രീകളാണ് കുടങ്ങളുമായി തെരുവിലിറങ്ങിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വട്ടവടയിലെ കുടികള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന സബ് കലക്ടറുടെ വാഹനത്തെ റോഡില്‍ കുടങ്ങള്‍ നിരത്തി തടയുകയായിരുന്നു. വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണെന്നും എത്രയും വേഗം പരിഹാരം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചിലന്തിയാറില്‍ അടിയന്തരമായി ബി.എസ്.എന്‍.എല്‍ ടവര്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുനൂറോളം കുടുംബങ്ങളാണ് ചിലന്തിയാറിലുള്ളത്. ഭൂരിപക്ഷം കുടുംബങ്ങളും കൃഷിയെയാണ് ആശ്രയിക്കുന്നത്. മേഖല കഠിനമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഡിസംബറില്‍ വിളവെടുക്കേണ്ട ശീതകാല പച്ചക്കറികള്‍ വിളവെടുക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്നും കര്‍ഷകര്‍ സൂചിപ്പിച്ചു. ഇവിടങ്ങളിലേക്ക് കുണ്ടള ഡാമില്‍നിന്ന് വെള്ളമെടുക്കുന്നതിനായി വൈദ്യുതി വകുപ്പ് അനുമതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, പദ്ധതി നടപ്പാക്കേണ്ട ജലനിധി വകുപ്പ് ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പദ്ധതി വൈകിപ്പിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.