കേന്ദ്ര –സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ യു.ഡി.എഫ് മാര്‍ച്ചും ധര്‍ണയും

തൊടുപുഴ: യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജില്ലയിലെ വിവിധ ഓഫിസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. തൊടുപുഴ പി.ഡബ്ള്യു.ഡി ഓഫിസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ. മണി ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് മണി ആരോപിച്ചു. ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ച് ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോകാന്‍ പിണറായി സര്‍ക്കാറിനെ അനുവദിക്കില്ളെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയില്ളെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പി.പി. സുലൈമാന്‍ റാവുത്തര്‍, റോയി കെ. പൗലോസ്, ടി.എം. സലീം, എം.എസ്. മുഹമ്മദ്, കെ. സുരേഷ് ബാബു, കെ. ഗോപിനാഥന്‍ നായര്‍, രാജന്‍ താഴത്തൊട്ടിയില്‍, സി.പി. മാത്യു, എം.കെ. പുരുഷോത്തമന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. നെടുങ്കണ്ടം താലൂക്ക് ഓഫിസ് പടിക്കല്‍ നടന്ന ധര്‍ണ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂര്‍, കട്ടപ്പന ഇലക്ട്രിസിറ്റി ഓഫിസ് പടിക്കല്‍ നടന്ന ധര്‍ണ അഡ്വ. ഇ.എം. ആഗസ്തി, ഏലപ്പാറ സ്പൈസസ് ബോര്‍ഡ് ഓഫിസ് പടിക്കല്‍ നടന്ന ധര്‍ണ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.