കറുപ്പഴകില്‍നിന്ന് ഇടുക്കി ഡാം വെളുപ്പിലേക്ക്

തൊടുപുഴ: കുറവന്‍, കുറത്തി മലകളെ ചേര്‍ത്തുനിര്‍ത്തുന്ന ഇടുക്കി അണക്കെട്ടിന് കാണുന്നവരുടെ ഉള്ളില്‍ ഭയംകലര്‍ന്ന വിസ്മയം ജനിപ്പിക്കുന്ന ഇരുണ്ട രൂപമാണ്. ഒരു നാടിന്‍െറ ഊര്‍ജത്തിനാവശ്യമായ വെള്ളം മുഴുവനാണ് ഡാമിന്‍െറ കൈക്കുമ്പിളില്‍. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമെന്ന് പറഞ്ഞിട്ടെന്താ കാര്യം കാണാനൊരു ‘ലുക്കി’ല്ലല്ളോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ലോകത്തിന്‍െറ ഏതെല്ലാം കോണില്‍നിന്ന് കാണാന്‍ ആള്‍ക്കാര്‍ വന്നിട്ടും അണക്കെട്ട് ഒന്ന് വൃത്തിയാക്കിക്കൂടേ എന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍, കേട്ടോളൂ കൊലുമ്പന്‍െറ മകളെന്ന് പേരുകേട്ട അണക്കെട്ട് വെളുപ്പിക്കുകയാണ്. കണ്ടാലൊരിക്കലും മനസ്സില്‍നിന്ന് മായാത്തവിധം സൗന്ദര്യംകൊണ്ടുവരുന്നു. പൊതു അവധിദിനങ്ങളിലും ഓണക്കാലത്ത് ഒരുമാസത്തോളവും ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശനം അനുവദിച്ചതോടെ ഓരോവര്‍ഷവും സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. ഇതോടനുബന്ധിച്ച് ഒരുകോടി ചെലവില്‍ ഡാമില്‍ നവീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ്. ഇതിന്‍െറ ഭാഗമായാണ് വെളുത്ത പെയ്ന്‍റടിച്ച് അണക്കെട്ട് മനോഹരമാക്കുക. അണക്കെട്ടിനുള്ളിലെ മുറികള്‍, ലിഫ്റ്റ്, മറ്റ് സംവിധാനങ്ങള്‍ എന്നിവയുടെ പെയ്ന്‍റിങ് ജോലി ആരംഭിച്ചു. വെളിച്ചം പരമാവധി പ്രതിഫലിപ്പിക്കാനും ചൂട് ആഗിരണം ചെയ്യാനും ശേഷിയുള്ള വെളുത്ത പെയ്ന്‍റാകും അണക്കെട്ടിന്‍െറ പുറംഭാഗത്ത് അടിക്കുക. ലബോറട്ടി പരിശോധനയിലൂടെ ഇതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള പെയ്ന്‍റ് തെരഞ്ഞെടുക്കുമെന്ന് ഡാമിന്‍െറ സുരക്ഷാ ചുമതലയുള്ള അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അലോഷി പോള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കാലാവസ്ഥ ഏറ്റവും അനുകൂലമായ ഘട്ടത്തിലാകും ഡാമിന് പുറത്തെ പെയ്ന്‍റിങ് ജോലി നടത്തുക. നവീകരണ ജോലി ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്പ്രേ സംവിധാനത്തില്‍ അത്യാധുനിക രീതിയില്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന വിധത്തിലാകും പെയ്ന്‍റിങ്. വിദഗ്ധ തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചത്. പെയ്ന്‍റിങ് പൂര്‍ത്തിയാകുന്നതോടെ അണക്കെട്ടിനകത്ത് ചൂട് ഗണ്യമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും സുരക്ഷാവിഭാഗം അധികൃതര്‍ പറയുന്നു. കുറവന്‍, കുറത്തി മലകളും ഭരതന്‍ ‘വൈശാലി’ ചിത്രീകരിച്ച ഗുഹയും പ്രകൃതിഭംഗി നിറഞ്ഞ പരിസരവുമെല്ലാം ഡാമിന്‍െറ വിസ്മയക്കാഴ്ചകളാണ്. പൈനാവ് മൈക്രോവേവ് സ്റ്റേഷന് സമീപത്തെ വൈശാലി വ്യൂ പോയന്‍റില്‍ നിന്നാല്‍ മൊട്ടക്കുന്നുകളുടെയും വന്യമൃഗങ്ങളുടെയും ദൃശ്യഭംഗി ആസ്വദിക്കാം. 1991ല്‍ രാജീവ്ഗാന്ധിയെ ഭീകരര്‍ വധിച്ചതോടെയാണ് അണക്കെട്ട് സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.