കുടുംബവഴക്കിനിടെ മധ്യവയസ്ക മരിച്ച സംഭവം; മരുമകന്‍ അറസ്റ്റില്‍

മൂലമറ്റം: കുടുംബവഴക്കിനിടെ പരിക്കേറ്റ മധ്യവയസ്ക മരിച്ച സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. എടാട് കിഴക്കേപറമ്പില്‍ പരേതനായ കുമാരന്‍െറ ഭാര്യ ദേവകി (65) മരിച്ച സംഭവത്തിലാണ് മരുമകന്‍ എടാട് മാട്ടേപ്ളാക്കല്‍ ഷിനുവിനെ (41) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മകള്‍ ദീപയും ഭര്‍ത്താവ് ഷിനുവും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കുണ്ടാക്കുന്നതിനിടയില്‍ തടസ്സം പിടിക്കാനത്തെിയ ദേവകിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ദേവകി മൂലമറ്റത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്തദിവസം ഡിസ്ചാര്‍ജ് വാങ്ങിയ ദേവകി മുട്ടത്തുള്ള മാറ്റൊരു മകളുടെ വീട്ടിലേക്ക് മടങ്ങിയെങ്കിലും അവശത കൂടിയതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലെ അടിപിടി സംബന്ധിച്ച് കാഞ്ഞാര്‍ പൊലീസ് ബുധനാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചികിത്സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ ദേവകി മരണപ്പെട്ടു. സ്വാഭാവിക മരണമെന്ന നിലയില്‍ ബന്ധുക്കള്‍ വീട്ടിലത്തെിച്ച മൃതദേഹം പരാതിയെ തുടര്‍ന്ന് പൊലീസത്തെി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ഷിനുവിനെ കഴിഞ്ഞദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദേവകിയുടെ നാലോളം വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിരുന്നതായും തലക്കുള്ളില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഷിനുവിനെതിരെ നരഹത്യക്ക് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ വെള്ളിയാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.