ഇടവെട്ടിച്ചിറ കലങ്ങിത്തെളിയുന്നു

ഇടവെട്ടി (തൊടുപുഴ): നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിച്ച ഇടവെട്ടിച്ചിറ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നവീകരിക്കും. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, കലക്ടര്‍ ജി.ആര്‍. ഗോകുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ഏറ്റവും വലിയ സ്വഭാവിക ജലസ്രോതസ്സായ ഇടവെട്ടിച്ചിറക്ക് 2000 വര്‍ഷത്തോളം പഴക്കമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചിറക്ക് ഏഴര ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്നതായും ചിറയിലെ വെള്ളം ഉപയോഗിച്ച് 10,000 പറ നെല്ല് ഉല്‍പാദിപ്പിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു. നിലവില്‍ 2.33 ഏക്കര്‍ വിസ്തൃതിയുള്ള ചിറയെ 2006ല്‍ വാട്ടര്‍ സ്റ്റേഡിയമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി 68 ലക്ഷം ചെലവില്‍ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍, രാഷ്ട്രീയ വിവാദങ്ങളില്‍പെട്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വര്‍ഷം മുഴുവന്‍ വെള്ളം നിറഞ്ഞുകിടന്ന ചിറ ഇതോടെ വറ്റിവരണ്ടു. ചിറ വറ്റിയതോടെ സമീപങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നു. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ഇടവെട്ടിച്ചിറ ഒന്നാം വാര്‍ഡ് ഗ്രാമസഭ യോഗത്തിന്‍െറ തീരുമാനപ്രകാരം നാട്ടുകാര്‍ ചിറ സംരക്ഷണത്തിനായി രംഗത്തിറങ്ങിയത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി സ്ഥാപിച്ച കുഴലുകള്‍ നീക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ ചിറയില്‍ ജലനിരപ്പ് ഉയര്‍ന്നു. വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രവര്‍ത്തകരും രംഗത്തിറങ്ങി. മാര്‍ച്ച് ആദ്യം ചിറ ജലനരിപ്പ് താഴ്ത്തി വറ്റിക്കാന്‍ എം.പിയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന്, ഏപ്രില്‍, മേയ് മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി പരമാവധി ചളി കോരി മാറ്റും. മൈനര്‍ ഇറിഗേഷന്‍െറ സഹായവും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള സാമഗ്രികളുടെ ചെലവും ഉപയോഗപ്പെടുത്തി തകര്‍ന്ന സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കും. ചിറയുടെ ചുറ്റും തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും തീരുമാനിച്ചു. ചിറ നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി 15 ദിവസത്തിനകം വിശദ കര്‍മപദ്ധതി തയാറാക്കി നല്‍കണമെന്ന് എം.പി നിര്‍ദേശിച്ചു. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമൂഹിക-സാമുദായിക സംഘടന പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി രൂപവത്കരിച്ചു. എം.പി, എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്നിവര്‍ രക്ഷാധികാരികളാണ്. ചിറ പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കിയ ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്‍റ് കെ.സി. സുരേന്ദ്രന്‍, പ്രമോദ് ചിറച്ചാലില്‍, ഗിരീഷ് പുതിയേടത്ത് എന്നിവരെ എം.പി ആദരിച്ചു. ഒന്ന്, 12 വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള യൂനിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിമ്മി പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലത്തീഫ് മുഹമ്മദ്, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.