ജില്ലയില്‍ നായാട്ട് സംഘങ്ങള്‍ വിലസുന്നു

തൊടുപുഴ: ജില്ലയില്‍ നായാട്ടു സംഘങ്ങള്‍ വ്യാപകമാകുകയും പ്രതികള്‍ അടിക്കടി പിടിയിലാകുകയും ചെയ്തിട്ടും മൃഗവേട്ട തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. തോട്ടം മേഖലയോട് ചേര്‍ന്ന വനപ്രദേശങ്ങളിലും അതിര്‍ത്തി വനമേഖലകളിലും മൃഗവേട്ട തുടരുകയാണ്. കുടുക്കുവെച്ചും വെടിവെച്ചും പടക്കം എറിഞ്ഞും ചതിക്കുഴിയൊരുക്കിയുമാണ് നായാട്ടുകാര്‍ കാട്ടുമൃഗങ്ങളെ കൊന്നൊടുക്കുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, മ്ളാവ്, കേഴ, മുള്ളന്‍, മുയല്‍ തുടങ്ങിയ മൃഗങ്ങളെയാണ് ഇവര്‍ ഇറച്ചിക്കായും തോലിനായും കൊന്നുതള്ളുന്നത്. പെരുമ്പാമ്പ്, വെരുക് എന്നിവയെയും വേട്ടയാടുന്നുണ്ട്. കാട്ടുപന്നി പോലുള്ള മൃഗങ്ങളെ കൃഷിയിടങ്ങളോട് ചേര്‍ന്ന മേഖലകളില്‍നിന്നാണ് പിടികൂടുന്നത്. ആനവേട്ട സംഘമടക്കം ജില്ലയില്‍ സമീപകാലത്ത് പിടിയിലായിട്ടുണ്ട്. കേഴ, കാട്ടുപോത്ത്, മ്ളാവ് തുടങ്ങിയ മൃഗങ്ങള്‍ക്കായി നായാട്ടുസംഘം കാട്ടിലേക്ക് പോവുകയാണ് പതിവ്. വെടിവെച്ചാണ് ഇവയെ കൂടുതലായി പിടികൂടുന്നത്. മൂന്നാര്‍ തോട്ടം മേഖലയില്‍ വേട്ടനായ്ക്കളെ ഉപയോഗിച്ചും മൃഗവേട്ട പതിവാണ്. കാട്ടുമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചി മലയോര പ്രദേശങ്ങളിലെ ചില റിസോര്‍ട്ടുകളില്‍ രഹസ്യമായി വില്‍ക്കുന്നതായും സൂചനയുണ്ട്. വന്‍ തുകയാണ് ഇവര്‍ ഇറച്ചിക്ക് ഈടാക്കുന്നത്. വന്യമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിക്കുന്നതിന് തോക്ക് ലൈസന്‍സ് സംഘടിപ്പിക്കുന്നവരില്‍ ചിലര്‍ നായാട്ടിനായി ഇത് ദുരുപയോഗിക്കുന്നുണ്ട്. വിദേശനിര്‍മിത തോക്കുകള്‍ക്ക് പുറമെ നാടന്‍തോക്കുകളും മേഖലയില്‍ സാധാരണമാണ്. നായാട്ടുകാര്‍ക്കായി തോക്ക് നിര്‍മിച്ചു നല്‍കുന്നവരും ജില്ലയിലുണ്ടെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നായാട്ടു സംഘങ്ങള്‍ക്ക് ചില പൊലീസുകാരും വനപാലകരും ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്. ദേവികുളത്തു 800 കിലോയോളം തൂക്കമുള്ള കാട്ടുപോത്തിനെ പൊലീസുകാരടക്കമുള്ള സംഘം വെടിവെച്ചുകൊന്ന സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.