പീരുമേട്ടിലെ തോല്‍വി: യു.ഡി.എഫിലും കോണ്‍ഗ്രസിലും കലാപം

കുമളി: പീരുമേട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് തോല്‍ക്കാനിടയായത് സംബന്ധിച്ച് കോണ്‍ഗ്രസിലും യു.ഡി.എഫിലും കലാപം മൂര്‍ച്ഛിക്കുന്നു. പരാജയ കാരണങ്ങള്‍ സംബന്ധിച്ച് കെ.പി.സി.സിക്ക് വിശദ റിപ്പോര്‍ട്ട് നല്‍കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് ലഭിക്കുമെന്ന് ഉറപ്പായിരുന്ന വോട്ടുകള്‍ ചോരാനിടയായതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ പോരായ്മകളും പരിശോധിക്കും.വ്യാജ പ്രചാരണങ്ങളും പ്രലോഭനങ്ങളും നടത്തിയാണ് ഇടത് സ്ഥാനാര്‍ഥി വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പല മേഖലകളിലുമുള്ള ജനങ്ങളെ വോട്ടുചെയ്തില്ളെന്ന പേരില്‍ ഇടത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി സിറിയക് തോമസ് പറഞ്ഞു. ഇതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം ബി.എസ്.പിയുടെ വോട്ടുകള്‍ ഇടതുപക്ഷം വാങ്ങിയെടുത്തതും ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമായതുമാണെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ രംഗത്തത്തെി. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ യു.ഡി.എഫ് കമ്മിറ്റി ഇതുവരെ ചേരാത്ത സാഹചര്യത്തില്‍ യു.ഡി.എഫിന്‍േറതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേതാക്കളായ സണ്‍സി മാത്യു, സിബി വരിക്കമാക്കല്‍ എന്നിവര്‍ പറഞ്ഞു. പീരുമേട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും കലാപം ശക്തമായി. കുമളി മണ്ഡലത്തിലെ 24 ബൂത്തുകളില്‍നിന്ന് 43 വോട്ടുകളുടെ ലീഡ് മാത്രമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ഇതോടെ കോണ്‍ഗ്രസ് മണ്ഡലം, ബ്ളോക് പ്രസിഡന്‍റുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായാണ് പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങിയത്. സിറിയക് തോമസിന്‍െറ പരാജയത്തിന് പിന്നാലെ ഇടതുസ്ഥാനാര്‍ഥിയില്‍നിന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പണം വാങ്ങിയെന്ന് അപവാദപ്രചാരണം നടക്കുന്നെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് ബിജു ദാനിയേല്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് കത്തയച്ചു. ഇടതുസ്ഥാനാര്‍ഥിയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങി വോട്ട് മറിച്ചെന്ന പ്രചാരണം അവസാനിപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്നാണ് മണ്ഡലം പ്രസിഡന്‍റിന്‍െറ ആവശ്യം. ഒപ്പം വോട്ടുചോര്‍ച്ച സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. പീരുമേട്ടില്‍ 314 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റതിന് പിന്നില്‍ നേതാക്കളുടെ പിടിപ്പുകേടാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിന്നാക്കം മാറിനിന്ന നേതാക്കള്‍ രാജിവെച്ച് ഒഴിയണമെന്നും പരാജയത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാനും മുസ്ലിംലീഗ് കേന്ദ്ര സമിതിയംഗവുമായ കെ.എസ്. മുഹമ്മദുകുട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുകയും പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യേണ്ട നേതാക്കളില്‍ പലരും കാഴ്ചക്കാരായതും അമിത ആത്മവിശ്വാസവും ഇടതുപക്ഷത്തിന്‍െറ പണമൊഴുക്കുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ഇടയാക്കിയതെന്ന് മുഹമ്മദുകുട്ടി പറയുന്നു. പരാജയത്തെ തുടര്‍ന്ന് ചെയര്‍മാനും കണ്‍വീനറും രാജിവെച്ചതോടെ കുമളിയില്‍ യു.ഡി.എഫ് കമ്മിറ്റി തന്നെ ഇല്ലാതായി. പരാജയം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്കൊപ്പം ഘടകകക്ഷികളും കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങിയതോടെ കുമളിയില്‍ കലാപം ശക്തമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.