തൊടുപുഴയിലെ മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കണമെന്ന് സി.പി.എം

തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ എല്ലാ ആറ്റുപുറമ്പോക്ക്, റോഡ് പുറമ്പോക്ക്, തോട് പുറമ്പോക്കുകള്‍ അളന്ന് അതിരു നിര്‍ണയിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അളക്കല്‍ വേഗത്തിലാക്കാന്‍ നഗരസഭ കലക്ടര്‍ക്ക് കത്ത് നല്‍കും. നഗരസഭയുടെ കോടികള്‍ വിലയുള്ള സ്ഥലങ്ങളാണ് കൈയേറിയതെന്ന വിവരം സി.പി.എം കൗണ്‍സിലര്‍ ആര്‍. ഹരിയാണ് കൗണ്‍സിലില്‍ ഉന്നയിച്ചത്. ഇതിനെ ലീഗ് കൗണ്‍സിലര്‍ എ.എം. ഹാരിദ് പിന്തുണച്ചു. കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ടുണ്ടാകുന്നത് കൈയേറ്റത്തെ തുടര്‍ന്നാണെന്ന് ടി.കെ. ഷാഹുല്‍ ഹമീദ് പറഞ്ഞു. തൊടുപുഴ മാരിയില്‍ കലുങ്ക് മുതല്‍ മൂപ്പില്‍കടവ് പാലം വരെയുള്ളയിടങ്ങളിലെ കൈയേറ്റങ്ങളുടെ പട്ടിക തന്‍െറ കൈയിലുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോയെന്നും ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ കൗണ്‍സിലില്‍ വെല്ലുവിളിയുയര്‍ത്തി. പുതുതായി അധികാരമേറ്റെടുത്ത എല്‍.ഡി.എഫ് സര്‍ക്കാറിന് എല്ലാവിധ ഭാവുകങ്ങളും ബി.ജെ.പി, കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേര്‍ന്നാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. 22 അജണ്ടകളാണ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. ഒരു അജണ്ട കൗണ്‍സിലര്‍മാര്‍ക്ക് പഠിക്കാന്‍ മാറ്റിവെച്ചു. നഗരസഭ ഏഴാം വാര്‍ഡിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ കമേഴ്സ്യലാക്കി മാറ്റി നല്‍കണമെന്ന ആവശ്യമാണ് മാറ്റിവെച്ചത്. ശുചിത്വ നഗരത്തിനായി ട്രാക് സമര്‍പ്പിച്ച മെമ്മോറാണ്ടം, ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ടും നഗരസഭയില്‍ പ്രത്യേക യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. കുമ്പങ്കല്്ള നിവാസികള്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രദേശത്തെ ഓടകള്‍ ശുചീകരിക്കാനും റോഡിലേക്ക് ഇറക്കിവെച്ച കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനും തീരുമാനിച്ചു. കാന്‍സര്‍ ബാധിതര്‍ക്ക് വെങ്ങല്ലൂര്‍ വ്യവസായ എസ്റ്റേറ്റില്‍ തൊഴില്‍ പരിശീലനത്തിന് സ്ഥലം വിട്ടുകൊടുക്കാനും ഇവിടെ കുട നിര്‍മാണ പരിശീലനം നല്‍കാനും തീരുമാനമായി. പി.എം.എ.വൈ പദ്ധതിയില്‍ വീട് നിര്‍മാണത്തിനായി 72 പേര്‍ അപേക്ഷ സമര്‍പ്പിച്ചതായി രാജീവ് പുഷ്പാംഗദന്‍െറ ചോദ്യത്തിനു മറുപടിയായി സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.