മുട്ടത്തെ റോഡിലും തോട്ടിലും മാലിന്യക്കൂമ്പാരം

മുട്ടം: പഞ്ചായത്തിലെ റോഡുവക്കുകളിലും തോടുകളിലും മാലിന്യങ്ങള്‍ നിറഞ്ഞ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. ശക്തമായ മഴ പെയ്തതോടെ കുത്തൊഴുക്കില്‍ മുട്ടത്തെ വഴിയോരങ്ങളില്‍ മാലിന്യം റോഡില്‍ അടിഞ്ഞുകൂടി. കോടതിക്കവല മുതല്‍ മൂന്നാംമൈല്‍ വരെ പ്രദേശത്ത് റോഡിന് ഇരുവശത്തുമായാണ് മാലിന്യം കുമിഞ്ഞുകൂടിയത്. മഴ പെയ്യുന്നതോടെ ഓടയിലെ മാലിന്യം മുഴുവനും റോഡിലേക്ക് കയറി ഒഴുകുന്ന അവസ്ഥയാണ്. പച്ചക്കറി-മത്സ്യ-മാംസ മാലിന്യങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളുമാണ് റോഡില്‍ നിറഞ്ഞുകിടക്കുന്നത്. പെരുമറ്റം പാലത്തിന് സമീപം റോഡില്‍ മാലിന്യം വന്നടിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും നീക്കം ചെയ്തിട്ടില്ല. മഴ കൂടി ആരംഭിച്ചതോടെ പല തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനും ഇത് കാരണമാകും. പ്രദേശത്ത് ഡെങ്കിപ്പനി ബാധിച്ചവര്‍ ഉള്ളതായും നാട്ടുകാര്‍ പറയുന്നു. മുട്ടത്തെ പരപ്പാന്‍ തോട്ടില്‍ നിറയെ പ്ളാസ്റ്റിക് കുപ്പികളും മാലിന്യം നിറച്ച ചാക്കുകളും കെട്ടിക്കിടക്കുകയാണ്. തോട്ടുംകര കോളനിയില്‍നിന്ന് പെരുമറ്റം വഴി മലങ്കര ജലാശയത്തില്‍ പതിക്കുന്ന പരപ്പാന്‍ തോടാണ് മാലിന്യവാഹിയായത്. നൂറുകണക്കിന് കോളനിവാസികള്‍ കുളിക്കുന്ന പരപ്പാന്‍ തോടാണ് മാലിന്യംകൊണ്ട് നിറഞ്ഞത്. ഈ മാലിന്യം മുഴുവന്‍ ചെന്നുപതിക്കുന്നതാകട്ടെ നിരവധി പഞ്ചായത്തുകളുടെയും തൊടുപുഴ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ പതിനായിരക്കണക്കിന് പേര്‍ അലക്കാനും കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന മലങ്കര ജലാശയത്തിലേക്കാണ്. ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ തോത് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് കണ്ടത്തെിയിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ഇവിടെനിന്ന് വിതരണം ചെയ്ത കുടിവെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ് വാട്ടര്‍ അതോറിറ്റിയുടെതന്നെ ലാബിലാണ് പരിശോധിച്ചത്. കോളിഫോം ബാക്ടീരിയയുടെ അളവ് 1100 പ്ളസ് എന്ന ഞെട്ടിക്കുന്ന പരിശോധനഫലമാണ് അന്ന് പുറത്തുവന്നത്. തോട്ടുംകര കോളനി പ്രദേശത്തും ഊരക്കുന്ന് പള്ളിയുടെ സമീപത്തും പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകുടി തോടിന്‍െറ ഒഴുക്ക് തടസ്സപ്പെട്ടനിലയിലാണ്. ഊരക്കുന്ന് പള്ളിയുടെ സമീപത്തായി സ്വകാര്യവ്യക്തി തന്‍െറ പറമ്പിലെ ഇല്ലിമുള വെട്ടിയ ശേഷം ചില്ലകള്‍ തോട്ടില്‍ നിക്ഷേപിച്ചതിനാല്‍ ഇതില്‍ മാലിന്യം അടിയുകയാണ്. തൊടുപുഴ റൂട്ടില്‍ പെരുമറ്റത്തിന് സമീപം കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ റോഡ് സൈഡില്‍ തള്ളുന്നത് പതിവാണ്. നിരവധിതവണ പൊലീസ് ഇവിടെ മാലിന്യം തള്ളിയവരെ പിടികൂടിയിട്ടുമുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും 25000 രൂപ വരെ പിഴ ഈടാക്കാനും പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെങ്കിലും തയാറാകുന്നില്ല.മാലിന്യം തള്ളുന്നവരെ പൊലീസ് പിടികൂടുന്നുണ്ടെങ്കിലും ഇവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് വീണ്ടും മാലിന്യം തള്ളാന്‍ പ്രചോദനമാവുകയാണ്. മാലിന്യം തള്ളുന്നതുമൂലം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മഴക്കാലം ആരംഭിച്ച് പകര്‍ച്ചവ്യാധികള്‍ തലപൊക്കിത്തുടങ്ങിയിട്ടും ആരോഗ്യവകുപ്പ് കണ്ടില്ളെന്നമട്ടിലാണ്. മുട്ടം പഞ്ചായത്തില്‍ മാലിന്യസംസ്കരണത്തിന് സംവിധാനമില്ല. നിലവില്‍ എം.വി.ഐ.പി വക സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.