വികസനം കാത്ത് അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രം കട്ടപ്പന: അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രം അവഗണനയില്‍.

കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചുരുളി ടൂറിസം കേന്ദ്രം വിദേശ-സ്വദേശ ടൂറിസ്റ്റുകളുടെ ഇഷ്ട ഇടമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അധികൃതരുടെ അവഗണനയുമാണ് ഈ ടൂറിസം കേന്ദ്രത്തിന്‍െറ വികസനത്തിന് തടസ്സമാകുന്നത്. ഇടുക്കി ജലാശയത്തിന്‍െറ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണല്‍ മുഖത്തെ ജലപാതവുമാണ് ഈ മുഖ്യ ആകര്‍ഷണം. ഒരിക്കല്‍ ഇവിടെ എത്തിയാല്‍ വീണ്ടും വരാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വശ്യസൗന്ദര്യമാണ് അഞ്ചുരുളിയുടെ മുഖമുദ്ര. ടണല്‍ മുഖവും ജലാശയവും അപകടകരമാണ്. അതുകൊണ്ടുതന്നെ അഞ്ചുരുളിയിലത്തെുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാറുണ്ട്. ഇടുക്കി ജലാശയത്തില്‍ അഞ്ച് ഉരുളികള്‍ കമിഴ്ത്തിവെച്ചതുപോലെ ദൂരെ അഞ്ച് തുരുത്തുകള്‍ കാണാം. ഈ അഞ്ച് തുരുത്തുകളാണ് പ്രദേശത്തിന് അഞ്ചുരുളി എന്ന പേര് സമ്മാനിച്ചത്. ജലാശയ പ്രദേശത്തിന് ആദിവാസികളാണ് അഞ്ചുരുളി എന്ന പേര് സമ്മാനിച്ചത്. പ്രതിദിനം നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ഇവിടെ വിനോദത്തിനായി എത്താറുണ്ട്. ഇവിടെയത്തെുന്ന ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനോ സുരക്ഷാകാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിക്കാനോ ആരുമില്ല. നാട്ടുകാരാണ് പലപ്പോഴും സഹായിക്കുന്നത്. ടോയ്ലറ്റ് സൗകര്യം, വിശ്രമമുറി, കുടിവെള്ളം, വൈദ്യുതി, കാര്‍ പാര്‍ക്കിങ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. ഇടുക്കി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍, വനം വകുപ്പും കെ.എസ്.ഇ.ബിയും കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തും ഒരുമിച്ചാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. അഞ്ചുരുളി ടൂറിസം കേന്ദ്രത്തിന്‍െറ വികസനം ലക്ഷ്യമിട്ട് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മുമ്പ് അഞ്ചുരുളി ഫെസ്റ്റ് സംഘടിപ്പിക്കുകയും ജലാശയത്തിലൂടെ സഞ്ചരിക്കാനായി അഞ്ചുലക്ഷം രൂപ മുടക്കി ബോട്ട് വാങ്ങുകയും ചെയ്തിരുന്നു. പത്തുവര്‍ഷം കഴിഞ്ഞിട്ടും ബോട്ട് ജലാശയത്തിലിറക്കാനാകാതെ കരയില്‍ വിശ്രമിക്കുകയാണ്. മഴയും വെയിലുമേറ്റ് ഇത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംരക്ഷിക്കാന്‍ ഷെഡ് നിര്‍മിക്കാന്‍ പോലും പഞ്ചായത്തിന് കഴിഞ്ഞില്ല. 5000 രൂപ മുടക്കി ഷെഡ് നിര്‍മിച്ച് ബോട്ട് സംരക്ഷിക്കാന്‍ സാധിക്കാത്തതുതന്നെ അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തോടുള്ള അധികൃതരുടെ മനോഭാവം വെളിവാക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അത് വനം വകുപ്പിനും ഗ്രാമപഞ്ചായത്തിനും ഒരുപോലെ ആദായകരമാകും. ഇടുക്കി ജലാശയത്തിന്‍െറ മറുകരയിലേക്ക് കാട്ടാനകള്‍ തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് നീന്തുന്ന മനോഹരമായ കാഴ്ച അഞ്ചുരുളിയുടെ പ്രത്യേകതയാണ്. കട്ടപ്പനയില്‍നിന്ന് ബസില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് കക്കാട്ടുകടയിലത്തെി ഓട്ടോയില്‍ അഞ്ചുരുളിയിലേക്ക് എത്താം. റോഡ് ടാര്‍ ചെയ്ത് മനോഹരമാക്കിയതോടെ ഇവിടെ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവായിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.