ജില്ലയിലെ പരാജയകാരണം തേടി മുന്നണികള്‍

തൊടുപുഴ: ജില്ലയില്‍ സംഭവിച്ച പരാജയങ്ങളുടെ കണക്കെടുപ്പിലും ചര്‍ച്ചയിലും മുഴുകി മുന്നണി നേതൃത്വങ്ങള്‍. ജില്ലയില്‍ അഞ്ച് സീറ്റും കിട്ടുമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫിന് രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാലെണ്ണം ഉറപ്പിച്ച എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്താനേ കഴിഞ്ഞുള്ളൂ. ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും ദേവികുളത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാത്തത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും ഇടതുസ്ഥാനാര്‍ഥികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇവിടെ ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ജയം നേടാന്‍ കഴിയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മണിയെ കൂടുതല്‍ വോട്ട് നേടാന്‍ സഹായിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദേവികുളം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. എ.കെ. മണിയെ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ആര്‍. രാജാറാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മൂന്നാറില്‍ പാര്‍ട്ടിക്കുള്ളില്‍ കലഹമുണ്ടായി. പിന്നീട് ഡി. കുമാര്‍ സ്ഥാനാര്‍ഥിയാകുന്ന ഘട്ടം എത്തി. എന്നാല്‍, ഒടുവില്‍ എ.കെ. മണി സ്ഥാനാര്‍ഥിയാകുകയായിരുന്നു. ഇത് മണ്ഡലത്തില്‍ തിരിച്ചടിയായതാണ് വിലയിരുത്തല്‍. ഇടുക്കിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിന് തിരിച്ചടി നേരിടേണ്ടിവന്നത് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തി. കഴിഞ്ഞ പാര്‍ലമെന്‍റ്, തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സാന്നിധ്യം അപ്രസക്തമാക്കിയാണ് ഇവിടെ റോഷിയുടെ വിജയം. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതുപക്ഷവും ഒന്നിച്ചുനിന്ന് നേടിയ വോട്ടുകള്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും കിട്ടുമെന്നായിരുന്നു എല്‍.ഡി.എഫിന്‍െറ പ്രതീക്ഷ. പീരുമേട്ടില്‍ സിറിയക് തോമസിന്‍െറ പരാജയം കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അനുകൂല സാഹചര്യമുണ്ടായിട്ടും ഏകോപനമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് ഇവിടെ നേതാക്കളടക്കം നടത്തിയതെന്നും വിമര്‍ശം ഉയരുന്നു. തൊടുപുഴയില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ വ്യാപകമായി നഷ്ടപ്പെടുന്ന സാഹചര്യമാണ് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തുകളിലും പി.ജെക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചത് സി.പി.എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല ജില്ലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ഇരട്ടിയിലധികം വോട്ടുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലഭിക്കുകയും ചെയ്തു. തൊടുപുഴയില്‍ 1219 വോട്ടാണ് നോട്ട കൊണ്ടുപോയത്. ഇതും സി.പി.എം നേതൃത്വം പരിശോധിച്ചുവരികയാണ്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ തങ്ങളുടെ കരുത്ത് കാട്ടാനായതിന്‍െറ സന്തോഷത്തിലാണ് ജില്ലയില്‍ എന്‍.ഡി.എ സഖ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.