തൊടുപുഴയിലെ വോട്ട് ചോര്‍ച്ച: സി.പി.എം നേതൃത്വം അന്വേഷണത്തിന്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി തൊടുപുഴ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫില്‍ നിന്നുണ്ടായ വന്‍ വോട്ട് ചോര്‍ച്ച ഗൗരവത്തിലെടുത്ത് സി.പി.എം ജില്ലാ നേതൃത്വം അന്വേഷണത്തിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ ഇടത് തരംഗത്തിനിടയിലും തൊടുപുഴയിലുണ്ടായ നഷ്ടം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വോട്ട് ചോര്‍ച്ച വഴികള്‍ കണ്ടത്തൊന്‍ ബൂത്തുതലം മുതല്‍ പഠനം നടത്തുമെന്നാണ് സൂചന. പാര്‍ട്ടി ഘടകങ്ങളുടെ അനാസ്ഥയും അന്വേഷിക്കും. എല്‍.ഡി.എഫിന് തൊടുപുഴയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 12,480 വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. 4,591 യുവ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 13,079 പേര്‍ കൂടുതലായി ഇക്കുറി കൂടുതലായി വോട്ട് ചെയ്തിരുന്നു. എന്നിട്ടും എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞത് ചര്‍ച്ചയായിട്ടുണ്ട്. സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ നാണക്കേടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചയാണ് ഇത്തവണ തൊടുപുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് പിന്നിലാകാന്‍ കാരണമെന്ന് വിമര്‍ശം സി.പി.എമ്മിനുള്ളില്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്‍റ് കൂടിയായ അഡ്വ. റോയി വാരികാട്ടിനെയാണ് തൊടുപുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫിനെതിരെ സി.പി.എം സ്വതന്ത്രനായി മത്സരിപ്പിച്ചത്. റോയി വാരികാട്ടിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ അന്നുതന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അത് അവഗണിച്ച് പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വം അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കുകയായിരുന്നു. കളം ചൂടുപിടിക്കുന്നതോടെ അണികള്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ച് രംഗത്തിറങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, സി.പി.എം പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി തീരുമാനം അംഗീകരിച്ചില്ളെന്ന കാഴ്ചയാണ് പ്രചാരണരംഗത്ത് കണ്ടത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പ്രചാരണരംഗത്തുനിന്ന് വിട്ടുനിന്നു. തൊടുപുഴയിലെ കൊട്ടിക്കലാശത്തിന് എല്‍.ഡി.എഫിന് ആള്‍ കുറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. തൊടുപുഴയില്‍ വി.എസ്. അച്യുതാനന്ദന്‍ പ്രചാരണത്തിന് എത്തിയിട്ടും വോട്ടെടുപ്പില്‍ അത് പ്രതിഫലിച്ചില്ല. എല്‍.ഡി.എഫില്‍ ഒത്തൊരുമയില്ലാതെ പോയതും അടിത്തറയിളകാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. മുന്നണിയുടെ തെരഞ്ഞെടുപ്പ് തന്ത്രം ഒരുക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. എല്‍.ഡി.എഫ് തുടക്കംമുതലേ പ്രതീക്ഷയില്ലാതെ പ്രവര്‍ത്തിച്ചതും അണികളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.