പീരുമേട്ടില്‍ സിറിയക് തോമസിന്‍െറ പരാജയം കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതെളിച്ചു

പീരുമേട്: യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിന്‍െറ പരാജയം കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതെളിച്ചു. യു.ഡി.എഫ് ഉറപ്പിച്ച സീറ്റില്‍ നാമമാത്രമായ വോട്ടിന് പരാജയപ്പെട്ടതാണ് നേതൃത്വത്തെ ഞെട്ടിച്ചത്. മണ്ഡലത്തില്‍ വിജയത്തിന് ആവശ്യമായ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏകോപനമില്ലായ്മയും സ്ക്വാഡ് വര്‍ക്കുകളിലെ പാളിച്ചകളും ചില നേതാക്കന്മാരുടെ നിസ്സംഗതയും വോട്ടിങ്ങില്‍ ബാധിച്ചു. സ്ഥാനാര്‍ഥിയുടെ വാഹന പ്രചാരണം നടത്തുമ്പോള്‍ മിക്ക സ്ഥലങ്ങളിലും നാമമാത്രമായ പ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയിരുന്നത്. വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തുമ്പോള്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കാന്‍ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നതും നേതാക്കള്‍ കാര്യമായി ഗൗനിച്ചില്ല. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചവരും നാട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പ്രാദേശിക നേതാക്കളും പ്രചാരണത്തിന് നേതൃത്വം നല്‍കിയതും മിക്ക പഞ്ചായത്തുകളിലും വിനയായി. മുന്‍ എം.എല്‍.എ കെ.കെ. തോമസിന്‍െറ മകന്‍ എന്ന പരിഗണനയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വന്‍ സ്വാധീനം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ വിജയിച്ചെങ്കിലും പ്രചാരണരംഗത്തെ പോരായ്മകള്‍ കണ്ടത്തെി വീഴ്ച പരിഹരിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി. 2011ലെ തെരഞ്ഞെടുപ്പില്‍ ഇ.എം. ആഗസ്തിക്കെതിരെ എതിര്‍വികാരം കത്തിനിന്നപ്പോഴും കുമളി ഗ്രാമപഞ്ചായത്തില്‍ 2350 വോട്ടിന്‍െറ ഭൂരിപക്ഷം ബിജിമോള്‍ക്ക് ലഭിച്ചു. കുമളി ഗ്രാമപഞ്ചായത്തിലെ അട്ടിമറി പരാജയത്തിന്‍െറ ആക്കംകൂട്ടി. ഇ.എസ്. ബിജിമോള്‍ കൊക്കയാര്‍, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നീ പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടുമെന്നും മറ്റ് ആറ് പഞ്ചായത്തുകളില്‍ ആയിരത്തനുമേല്‍ വോട്ടുകള്‍ ലഭിക്കുമെന്നും 5000ത്തിനും 9000നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് പാളിയത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ഡിവിഷനില്‍ ഇന്ദു സുധാകരന് പരാജയം സംഭവിച്ചതിന് സമാനമായ വിധിയെഴുത്താണ് സിറിയക് തോമസിനും ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.