വേനല്‍മഴ എത്തി; വിരുന്നുകാരനായി വൈദ്യുതി

അടിമാലി: വേനല്‍മഴ ജില്ലയില്‍ സാമീപ്യം അറിയിച്ചതോടെ ഹൈറേഞ്ചില്‍ വൈദ്യുതിയുടെ ഒളിച്ചുകളി തുടങ്ങി. ഇടക്ക് മിന്നിയും അല്‍പസമയം വന്നും പിന്നെ പോയും രാത്രിമുഴുവന്‍ വൈദ്യുതി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഹൈറേഞ്ചില്‍ ഗ്രാമപ്രദേശങ്ങളിലും ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലുമാണ് രണ്ടുദിവസമായി വൈദ്യുതി വന്നും പോയുമിരിക്കുന്നത്. അവികസിത പഞ്ചായത്തുകളായ വട്ടവട, മാങ്കുളം, ചിന്നക്കനാല്‍, കാന്തവലൂര്‍, പള്ളിവാസല്‍, അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലെ അവികസിത മേഖലകളില്‍ വൈദ്യുതിതടസ്സം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ലൈനില്‍ മുട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാനും പോസ്റ്റുകള്‍ മാറാനുമൊക്കെ കരാറുകൊടുക്കാറുണ്ടെങ്കിലും ഇതൊക്കെ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധന നടക്കാറില്ല. ആനച്ചാലില്‍ പലയിടങ്ങളിലും റോഡില്‍ വൈദ്യുതി ലൈനിനെയും പോസ്റ്റിനെയും അലങ്കരിച്ചുനിര്‍ത്തിയിരിക്കുന്നത് കാട്ടുവള്ളിയാണ്. ലൈനും പോസ്റ്റ് കാണാനാകാത്തവിധം പടര്‍ന്നുകിടക്കുന്ന വള്ളിയും യാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നുണ്ട്. ഈ വര്‍ഷാം ആദ്യം മാങ്കുളത്ത് മൂന്ന് ആദിവാസി സ്ത്രീകളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നം പരിഹരിക്കുന്നതിന് വകുപ്പ് ഗുരുതരമായ അലംഭാവം കാട്ടുകയും ചെയ്യുന്നു. പരാതി ഉണ്ടായാല്‍ പോലും പരിഹരിക്കുന്നതിന് ദിവസങ്ങള്‍ കാത്തിരിക്കണം. മാങ്കുളം പഞ്ചായത്തിലേക്ക് വൈദ്യുതികൊണ്ടുപോകുന്ന കല്ലാര്‍- മാങ്കുളം റോഡില്‍ ചെറിയ മഴ പെയ്താല്‍ മരങ്ങള്‍ വീണ് വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഇത് നേരെയാകണമെങ്കില്‍ ദിവസങ്ങളുടെ പരിശ്രമം വേണമെന്നാണ് അവസ്ഥ. ഈ പാതയില്‍ മണ്ണിനടിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ വഴി വൈദ്യുതി എത്തിക്കണമെന്ന മാങ്കുളംകാരുടെ ആവശ്യത്തിന് വളരെ പഴക്കമുണ്ട്. ചെറിയൊരു മഴ കണ്ടാല്‍ മരങ്ങള്‍ വീഴുന്ന ഇവിടെ പലപ്പോഴും ഇരുട്ടിലാകുന്ന സാഹചര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.