ഇടുക്കിയില്‍ മഴ കനത്തു: കണ്‍ട്രോള്‍ റൂം തുറന്നു

തൊടുപുഴ: ഇടുക്കിയില്‍ രണ്ടുദിവസമായി മഴ ശക്തിപ്രാപിച്ചു. ഞായറാഴ്ച വൈകീട്ടാരംഭിച്ച മഴ തുടരുകയാണ്. വേനലില്‍ വറ്റിവരണ്ട അണക്കെട്ടുകള്‍ക്ക് മഴ ആശ്വാസമായിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ കണ്‍ട്രോള്‍ റൂമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ 04862 233111. കാലവര്‍ഷക്കെടുതികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളില്‍ അധിവസിക്കുന്നവര്‍ ജാഗരൂകരായിരിക്കണം. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമിലോ കെ.എസ്.ഇ.ബി അധികൃതരെയോ വിവരം അറിയിക്കണം. അപകടകരമായ രീതിയില്‍ റോഡിന്‍െറ വശങ്ങള്‍ ഇടിഞ്ഞിട്ടുള്ള സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമിലോ പി.ഡബ്ളു.ഡി അധികൃതരെയോ വിവരം അറിയിക്കേണ്ടതാണ്. മലവെള്ളപ്പാച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.