ആകാംക്ഷ, പിരിമുറുക്കം: വോട്ടുകള്‍ വീണിട്ടും സ്ഥാനാര്‍ഥികള്‍ക്ക് തിരക്കുതന്നെ

തൊടുപുഴ: മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞു. രാവും പകലും വിശ്രമമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണജോലികളിലായിരുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഫലമറിയുന്നതിന് മുമ്പ് വീണുകിട്ടിയ രണ്ടുനാളും തിരക്കോട് തിരക്കുതന്നെ. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ഥികളുടെ, വോട്ടെടുപ്പിനു ശേഷമുള്ള ദിവസത്തെ വിശേഷങ്ങളിലൂടെ ഒരു യാത്ര. •പി.ജെ. ജോസഫ് കുടുംബത്തോടൊപ്പം വീട്ടില്‍; റോയി വാരികാട്ട് മാതാവിനൊപ്പം ആശുപത്രിയില്‍ തൊടുപുഴ: തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് ചൊവ്വാഴ്ച കൂടുതല്‍ സമയവും പുറപ്പുഴയിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് ചെലവഴിച്ചത്. പ്രവര്‍ത്തകരോടൊപ്പം പത്ര വിശകലനവും എക്സിറ്റ്പോള്‍ ചര്‍ച്ചകളും നടത്തി. ഇതിനിടെ, ചാനല്‍ പ്രവര്‍ത്തകര്‍ പി.ജെ. ജോസഫിനെ തേടിയത്തെി. രണ്ടു മാസത്തിലേറെയായി മണ്ഡലത്തിലും കേരളത്തില്‍ പലയിടത്തും പ്രചാരണവുമായി പോയതിനാല്‍ ഇനി രണ്ടുദിവസത്തിന് ശേഷം മാത്രമേ യാത്രകള്‍ നിശ്ചയിച്ചിട്ടുള്ളൂ. ചൊവ്വാഴ്ചയും പുറപ്പുഴയിലെ വീട്ടില്‍ തന്നെ ചെലവഴിക്കാനാണ് പി.ജെ. ജോസഫ് തീരുമാനിച്ചിരിക്കുന്നത്. ഇടത് സ്വതന്ത്രന്‍ റോയി വാരികാട്ട് അസുഖബാധിതയായ മാതാവിനൊപ്പം ആശുപത്രിയിലാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യദിനം ചെലവഴിച്ചത്. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. കന്നി മത്സരമാണെങ്കിലും വോട്ടര്‍മാരോട് വോട്ടഭ്യര്‍ഥിക്കുന്നത് പ്രത്യേക അനുഭവം തന്നെയാണെന്ന് റോയി ചൂണ്ടിക്കാട്ടുന്നു. 12,000 ത്തോളം വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു. വിദൂര കോളനികളായ നാളിയാനിയിലും മറ്റും നാലര കി.മീ.വരെ നടന്ന് വോട്ടഭ്യര്‍ഥിച്ചത് വേറിട്ട അനുഭവമാണ്. തുടര്‍ച്ചയായുള്ള നടപ്പ് കാലിന്‍െറ മുട്ടിനെ അല്‍പം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും റോയി വാരികാട് പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എസ്. പ്രവീണ്‍ തിങ്കളാഴ്ച എറണാകുളത്ത് ബന്ധുവിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് പ്രവര്‍ത്തക യോഗം ചേര്‍ന്നു. കോടതി റീഓപണിങ് ആയതിനാല്‍ ബുധനാഴ്ച കോടതിയില്‍ പോകുമെന്നും പ്രവീണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ കാര്യത്തില്‍ ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് പ്രവീണ്‍ പറഞ്ഞു. •പ്രചാരണ സമയത്തെ മറക്കാനാകാത്ത നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സിറിയക്കും ബിജിമോളും പീരുമേട്: പോളിങ് കഴിഞ്ഞിട്ടും പീരുമേട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിമാര്‍ക്ക് തിരക്കിന്‍െറ ദിനങ്ങളായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിജിമോള്‍ പ്രചാരണ സമയത്ത് ഏറെ വേദനിപ്പിക്കുകയും മനസ്സില്‍ തട്ടിനിന്നതുമായ സംഭവം ഓര്‍ത്തെടുത്തു. ഉപ്പുതറക്ക് സമീപം മരുതുംപേട്ടയില്‍ പനി ബാധിച്ച് അവശയായി കിടക്കുന്ന പെണ്‍കുട്ടി ബിജിമോളെ കാണണമെന്ന് ആവശ്യപ്പെടുകയും ഇതേതുടര്‍ന്ന് വീട്ടിലത്തെിയപ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥ ഏറെ വേദനിപ്പിച്ചെന്നും ബിജിമോള്‍ പറഞ്ഞു. പെണ്‍കുട്ടി ബിജിമോളെ കണ്ടതും കെട്ടിപ്പിടിച്ചത് ഒരിക്കലും മറക്കാന്‍ കഴിയില്ളെന്നും ഇവര്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് ചൊവ്വാഴ്ച കുട്ടിക്കാനത്തെ സെന്‍ട്രല്‍ ഇലക്ഷന്‍ ഓഫിസിലത്തെി നേതാക്കന്മാരുമായി വോട്ടിങ് നിലവാരം അവലോകനം ചെയ്തു. ഇതിനുശേഷം വിവിധ പഞ്ചായത്തുകളില്‍ സഞ്ചരിച്ച് വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും കണ്ടു. ഇതോടൊപ്പം പ്രചാരണസമയത്ത് ഉണ്ടായ രസകരമായ സംഭവവും ഓര്‍ത്തെടുത്തു. ചക്കുപള്ളത്ത് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ഥിച്ചത്തെിയപ്പോള്‍ റോഡുവക്കില്‍ നിന്നൊരാളോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന് പരിചയപ്പെടുത്തി വോട്ട് ചോദിക്കുന്നതിനിടെ വോട്ടര്‍ അദ്ഭുതത്തോടെ നില്‍ക്കുകയും തൊട്ടടുത്ത് ആജാനുബാഹുവായ വലിയ ആളെയാണ് മനസ്സില്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പറഞ്ഞത് കൂട്ടച്ചിരി പരത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. കുമാര്‍ ചൊവ്വാഴ്ച കുടുംബാംഗങ്ങളൊപ്പം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് വോട്ടര്‍മാരെ കണ്ട് നന്ദി അറിയിക്കുകയും പാമ്പനാറ്റിലെ സെന്‍ട്രല്‍ ഓഫിസിലത്തെി വോട്ടെടുപ്പും പോളിങ്ങും വിശകലനം ചെയ്തു. കരടിക്കുഴിയിലെ തേയില തോട്ടത്തില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം തിരിഞ്ഞുനോക്കാത്തവരാണെന്നും ഞങ്ങള്‍ വോട്ട് ചെയ്യുന്നില്ളെന്നും തോട്ടത്തില്‍നിന്ന് വിട്ടുപോകണമെന്നും ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികള്‍ കയര്‍ത്തതായും ഞങ്ങള്‍ നിങ്ങള്‍ പറയുന്ന പാര്‍ട്ടിക്കാരല്ളെന്ന് പറഞ്ഞപ്പോള്‍ ആളുമാറി പറഞ്ഞതാണെന്ന് പറയുകയും അവര്‍ കഴിക്കാന്‍ കരുതിയിരുന്ന കടുംചായയും ഏത്തക്കബോളിയും നല്‍കിയതും വേറിട്ട അനുഭവമായെന്നും കുമാര്‍ പറഞ്ഞു. •സേനാപതിവേണു വീട്ടില്‍ തന്നെ; എം.എം. മണി പ്രകാശില്‍ നെടുങ്കണ്ടം: ഉടുമ്പന്‍ചോല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതിവേണു ചൊവ്വാഴ്ച ഉടുമ്പന്‍ചോലയില്‍ ഹര്‍ത്താല്‍ ആയതിനാ വീട്ടില്‍തന്നെ കഴിച്ചുകൂട്ടി. ബുധനാഴ്ച പോളിങ് ഏജന്‍റുമാരെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തും. നെടുങ്കണ്ടം ടൗണിന് സമീപം പരിവര്‍ത്തനമേട് ലെയ്നില്‍ ഒരു വീട്ടിലത്തെി വോട്ട് ചോദിക്കുകയും അഞ്ച് മിനിറ്റോളം കുശലം പറയുകയും ചെയ്യുമ്പോള്‍ വീട്ടുടമയും ഭാര്യയും തലകുലുക്കി സമ്മതിക്കുകയും ഇടക്കിടെ ചിരിക്കുകയും ചെയ്തു. ഒടുവില്‍ ഇറങ്ങാന്‍നേരം വീട്ടുടമ ഹസ്തദാനം ചെയ്യാനും മറന്നില്ല. രണ്ട് വോട്ട് ഉറപ്പിച്ച് സന്തോഷത്തോടെ സ്ഥാനാര്‍ഥിയും കൂട്ടരും മുറ്റത്തേക്കിറങ്ങിയപ്പോഴാണ് അയല്‍വാസിയായ വീട്ടമ്മ പറഞ്ഞത്. അവര്‍ക്ക് ഉടുമ്പന്‍ചോല മണ്ഡലത്തിലല്ല കേരളത്തില്‍ പോലും വോട്ടില്ളെന്ന്. പറ്റിയ അമളിയോര്‍ത്ത് മിണ്ടാതെ അടുത്ത വോട്ടറെ കാണാന്‍ പോയത് തന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ രസകരമായ അനുഭവമാണെന്ന് ഇദ്ദേഹം പറയുന്നു. വോട്ട് അഭ്യര്‍ഥിച്ച് കയറിച്ചെന്നപ്പോള്‍ തന്നെ സ്വീകരിക്കുന്ന കാര്യത്തില്‍പോലും ശത്രുതാമനോഭാവത്തോടെ പെരുമാറിയ സംഭവമുണ്ടായതായി എന്‍.ഡി.എ സ്ഥാനാര്‍ഥി സജി പറമ്പില്‍ മനസ്സ് തുറക്കുന്നു. മാന്യമായി സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ചൊവ്വാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ വീട്ടില്‍ തന്നെ ചെലവഴിച്ചു. ഇടതുസ്ഥാനാര്‍ഥി എം.എം. മണി ചൊവ്വാഴ്ച രാവിലെ പ്രകാശ് ഗ്രാമിലെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി. ബുധനാഴ്ച വ്യക്തിപരമായ ചില കാര്യങ്ങള്‍ക്കായി നീക്കിവെച്ചതായും എം.എം. മണി പറഞ്ഞു. •എസ്. രാജേന്ദ്രന്‍ മറയൂരില്‍; എ.കെ. മണി മൂന്നാറില്‍ മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തില്‍ രണ്ടുമാസം നീണ്ടുനിന്ന ചൂടുപിടിച്ച പ്രചാരണം അവസാനിച്ചെങ്കിലും സ്ഥാനാര്‍ഥികളുടെ മനസ്സില്‍ ചൂടാറിയിട്ടില്ല. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും മുന്നണി സ്ഥാനാര്‍ഥികള്‍ എസ്റ്റേറ്റുകളിലത്തെി തൊഴിലാളികളെ നേരില്‍ക്കാണുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കും സമയം ചെലവഴിച്ചു. വോട്ടെടുപ്പ് ദിവസം വൈകുന്നേരത്തോടെ മൂന്നാറില്‍നിന്ന് മറയൂരിലത്തെിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്. രാജേന്ദ്രന്‍ പ്രവര്‍ത്തകരുമായി പാര്‍ട്ടി ഓഫിസില്‍ സമയം ചെലവഴിച്ചശേഷം അവിടുത്തെ വിവാഹം, ചടങ്ങ്, മരണം എന്നിവയില്‍ പങ്കെടുത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തിരിച്ചത്തെിയത്. വോട്ട് ചോദിക്കുന്ന ദിവസമല്ലാതെ ആരുംതന്നെ പീന്നിട് ആ മേഖലകള്‍ സന്ദര്‍ശിക്കാറില്ളെന്ന പരാതി ഒഴിവാക്കുന്നതിനായാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മറയൂരിലത്തെിയത്. വൈകുന്നേരത്തോടെ മൂന്നാറിലെ പാര്‍ട്ടി ഓഫിസിലത്തെിയ രാജേന്ദ്രന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സമയം ചെലവഴിച്ചത്. ഏരിയ സെക്രട്ടറിമാര്‍ നടത്തിയ വോട്ടിങ് അവലോകന യോഗങ്ങളില്‍ പങ്കെടുത്ത് രാത്രിയോടെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ബുധനാഴ്ച പതിവുപോലെതന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടി ഓഫിസില്‍ ചെലവഴിക്കാനാണ് തീരുമാനിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. മണി വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്തുകള്‍ സന്ദര്‍ശിച്ച് രാത്രിയോടെയാണ് വീട്ടിലത്തെിയത്. ചൊവ്വാഴ്ച രാവിലെ മൂന്നാര്‍ ടൗണിലെ പാര്‍ട്ടി ഓഫിസിലത്തെിയ അദ്ദേഹം പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും തന്നെ കാണാനത്തെുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ടറിയുന്നതിനുമാണ് സമയം ചെലവഴിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്‍ വോട്ടുരേഖപ്പെടുത്തിയശേഷം ബൂത്തുകള്‍ സന്ദര്‍ശിച്ച് രാത്രിയോടെയാണ് വീട്ടിലത്തെിയത്. • ‘വിശ്രമമില്ലാതെ’ റോഷിയും ഫ്രാന്‍സിസ് ജോര്‍ജും ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റ്യന്‍ തിരക്കിലാണ്. ഒരു കന്നിക്കാരനായി 15 വര്‍ഷം മുമ്പ് ഇടുക്കിയിലത്തെുമ്പോള്‍ ഉണ്ടായിരുന്ന ടെന്‍ഷന്‍ ഇന്നില്ല. തിരക്കേറിയ പ്രചരണത്തിനിടയില്‍ അകാലത്തില്‍ വേര്‍പെട്ടുപോയ കാമാക്ഷി പഞ്ചായത്ത് അംഗവും സുഹൃത്തുമായ തങ്കച്ചന്‍െറ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയത്തെിയ റോഷിയെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചത് കണ്ണീരോടെ ആയിരുന്നു. തുടര്‍ന്ന് ചെറുതോണിയിലേക്കും അവിടെനിന്ന് നേരെ അറക്കുളത്തേക്കും ഓട്ടപ്രദക്ഷിണമായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് രോഗികളായ ചില ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് നീക്കിവെച്ചത്. തുടര്‍ന്ന് ചില പുണ്യ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. 45 ദിവസത്തെ അവധിക്കുശേഷം ഇടുക്കിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാധവന്‍ കട്ടപ്പനയിലെ തന്‍െറ വ്യാപാര സ്ഥാപനമായ ക്യാപിറ്റല്‍ ടയേഴ്സില്‍ എത്തി. തെരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ക്കും പ്രചാരണത്തിനും വിടനല്‍കി വ്യാപാരത്തില്‍ പൂര്‍ണമായി മുഴുകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.