സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പുന$ക്രമീകരിക്കും – അഞ്ജു ബോബി ജോര്‍ജ്

തൊടുപുഴ: അപര്യാപ്തമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ അതത് സ്ഥലങ്ങളില്‍തന്നെ സൗകര്യപ്രദമായ സ്ഥലം കണ്ടത്തെി മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെയും ഇടുക്കി വോളിബാള്‍ അക്കാദമിയിലെയും ഹോസ്റ്റലുകളില്‍ താമസിക്കുന്ന കായികതാരങ്ങളുടെ അവലോകന യോഗത്തിലുണ്ടായ അഭിപ്രായത്തത്തെുടര്‍ന്നാണ് മാറ്റാന്‍ നിര്‍ദേശിച്ചത്. തൊടുപുഴ പി.ഡബ്യു.ഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.കെ. ഇബ്രാഹിംകുട്ടി, അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം എസ്. നജിമുദ്ദീന്‍, ദ്രോണാചാര്യ തോമസ് മാഷ് എന്നിവര്‍ സംസാരിച്ചു. കായിക പരിശീലകരുടെയും കായിക സംഘടനാ ഭാരവാഹികളുടെയും യോഗം തുടര്‍ന്ന് നടന്നു. ഇടുക്കി ജില്ലക്ക് മികച്ച കായികതാരങ്ങളെ സംഭാവനചെയ്യാന്‍ കഴിയുമെന്നും കായിക സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലക്കായി ഒരു സിന്തറ്റിക് ട്രാക്കും സ്വിമ്മിങ് പൂളും പരിശീലനത്തിനുള്ള സൈക്ളിങ് ട്രാക്കും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നേരത്തേ അനുവദിച്ചതാണെന്നും സ്ഥലം ലഭ്യമാകുന്നമുറക്ക് അത് നടപ്പാക്കുമെന്നും കായിക സംഘടനകളുടെ ചോദ്യത്തിനുത്തരമായി അഞ്ജു ബോബി ജോര്‍ജ് അറിയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആക്ടിങ് സെക്രട്ടറി എല്‍. മായാദേവി നന്ദി പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തുന്ന സൈക്ളിങ് കോച്ചിങ് ക്യാമ്പും ന്യൂമാന്‍ കോളജില്‍ നടത്തുന്ന നെറ്റ്ബാള്‍ കോച്ചിങ് ക്യാമ്പും വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്കൂളില്‍ നടത്തുന്ന അത്ലറ്റിക് കോച്ചിങ് ക്യാമ്പും ജില്ലാ ഫുട്ബാള്‍ അസോസിയഷന്‍ മുതലക്കോടത്ത് നടത്തുന്ന ഫുട്ബാള്‍ കോച്ചിങ് ക്യാമ്പും പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.