ഉടുമ്പന്‍ചോലയില്‍ ശുഭപ്രതീക്ഷയുമായി മുന്നണികള്‍

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ പോരാട്ടം മുറുകിയപ്പോള്‍ മുന്നണികള്‍ക്കെല്ലാം ശുഭപ്രതീക്ഷ. സംസ്ഥാനതലത്തില്‍ ശ്രദ്ധാകേന്ദ്രമായ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ തകര്‍പ്പന്‍ പോരാട്ടമാണ് നടക്കുന്നതെങ്കിലും മുന്‍കൂട്ടി വിധിയെഴുതാന്‍ ആര്‍ക്കും കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെപോക്ക്. ഈ മലയോര മണ്ഡലത്തില്‍ ഇത്രയേറെ വീറും വാശിയും നിറഞ്ഞ മത്സരം ഇതിനുമുമ്പുണ്ടായിട്ടില്ളെന്നുവേണം കരുതാന്‍. പ്രചാരണായുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ആദ്യം രംഗത്തിറങ്ങിയത് ഇടതുമുന്നണി സ്ഥാനാര്‍ഥി എം.എം. മണിയാണ്. 15 വര്‍ഷം കൈപ്പിടിയിലൊതുക്കിവെച്ച മണ്ഡലം വഴുതിപ്പോകാതിരിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. തുടക്കമിട്ടതും ഇനി തുടങ്ങേണ്ടതുമായ വികസനങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഇടതുമുന്നണി വോട്ട് അഭ്യര്‍ഥിക്കുന്നത്. പ്രചാരണത്തിന് രണ്ടാമത് എത്തിയത് എന്‍.ഡി.എ സ്ഥാനാര്‍ഥി സജി പറമ്പത്താണ്. തൊട്ടുപിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സേനാപതി വേണുവും. അതോടൊപ്പം എ.ഐ.എ.ഡി.എം.കെയും മണ്ഡലത്തിലിറങ്ങി വോട്ട് അഭ്യര്‍ഥന ആരംഭിച്ചെങ്കിലും ഇവരെല്ലാം ഇപ്പോള്‍ പ്രചാരണരംഗത്ത് ഏതാണ്ട് തുല്യതയിലായി. എന്നാല്‍, കണക്കുകൂട്ടലുകളൊക്കെ പിഴക്കാം. അട്ടിമറികള്‍ ഏറെയുണ്ടാകാം. മാറ്റംമറിച്ചിലുകള്‍ ഈ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകതകളാകുമെന്നാണ് സൂചന. പ്രചാരണവാശിക്ക് ആരും പിന്നിലല്ല. പണം ചെലവഴിക്കുന്നതിന് പരിധിയുണ്ടെങ്കിലും തീ പാറും പോരാട്ടമാണ്. തെരഞ്ഞെടുപ്പിന് കേവലം ഏഴുദിവസം മാത്രം ബാക്കിനില്‍ക്കെ ആരാണ് മുന്നിലെന്ന് പറയാനാകാത്ത അവസ്ഥയാണ്. മുന്നണികളുടെ രാഷ്ട്രീയ ചേരുവകളില്‍ വരെ മാറ്റം വന്ന നിലക്ക് ഈ അവ്യക്തത വോട്ടെണ്ണല്‍ തീരുംവരെ നിലനില്‍ക്കുമെന്നാണ് കരുതേണ്ടതും. ഉടുമ്പന്‍ചോലയില്‍ ഇക്കുറി വീറും വാശിയും ഏറെയാണ്. തേയില, ഏലം തോട്ടം തൊഴിലാളികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും തുല്യപങ്കാളിത്തമുള്ള മണ്ഡലമാണിത്. മാത്രമല്ല, പണക്കൊഴുപ്പിന്‍െറ മത്സരം കൂടിയാണ് ഇക്കുറി നടക്കുന്നത്. പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുകയാണ്. ആരോപണപ്രത്യാരോപണങ്ങളും വ്യക്തിഹത്യയും മുറപോലെ നടക്കുന്നുണ്ടെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാരിലധികവും മനസ്സുതുറന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.