സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്ത പണത്തിന് അവകാശികള്‍ എത്താത്തതില്‍ ദുരൂഹത

നെടുങ്കണ്ടം: ജില്ലയില്‍ സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്ത പണത്തിന് അവകാശികള്‍ ഉണ്ടെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കി പണം തിരികെ കൈപ്പറ്റാത്തതില്‍ ദുരൂഹത. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുമാത്രമായി ഒരാഴ്ചക്കുള്ളില്‍ ഒരുകോടി രൂപയോളം പലരില്‍നിന്നായി പിടിച്ചെടുത്തെങ്കിലും ഇവയില്‍ ചിലത് മാത്രമാണ് രേഖകള്‍ ഹാജരാക്കി അവകാശികള്‍ തിരികെ കൈപ്പറ്റിയത്. മതിയായ രേഖകളില്ലാത്തതിനാലാണ് പണം പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുമ്പോള്‍ പണത്തിന്‍െറ അവകാശി ആരാണെന്നും എന്തിനുവേണ്ടിയുള്ള പണമാണെന്നും ഉദ്യോഗസ്ഥരെ ധരിപ്പിക്കാറുണ്ട്. രേഖകള്‍ ഹാജരാക്കിയാല്‍ പണം തിരികെ നല്‍കാമെന്നാണ് നിയമം. ഇത് അംഗീകരിച്ച് മടങ്ങുന്നവരില്‍ പലരും പിന്നീട് പണത്തിനായി വരാറില്ളെന്നാണ് സ്പെഷല്‍ സ്ക്വാഡ് പറയുന്നത്. ഇതിനുപിന്നില്‍ എന്തോ കള്ളക്കളി ഉള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച കൈലാസപ്പാറയില്‍നിന്ന് സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്ത 54,44,870 രൂപ അഞ്ചുദിവസം പിന്നിട്ടിട്ടും രേഖകള്‍ ഹാജരാക്കി കൈപ്പറ്റിയിട്ടില്ല. തേക്കടി- മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് കൈലാസപ്പാറയില്‍നിന്ന് പിടിച്ചെടുത്ത 54 ലക്ഷത്തിലധികം രൂപ പ്രമുഖ ഏലം ലേലകേന്ദ്രത്തിന്‍െറ പണമാണെന്നും ഇടപാടുകാര്‍ക്ക് നല്‍കാന്‍ ബാങ്കില്‍നിന്നെടുത്തതാണെന്നും സ്ഥാപനത്തിലെ ഡ്രൈവര്‍, സ്ക്വാഡിലെ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കാര്‍ ഡ്രൈവര്‍ അങ്ങനെ പറഞ്ഞിരുന്നെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കി പണം തിരികെ കൈപ്പറ്റാന്‍ അഞ്ചുദിവസം പിന്നിട്ടിട്ടും ആരും എത്തിയില്ല. തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി ജില്ലയായ ഇടുക്കിയിലേക്ക് പണം ധാരാളമായി എത്തുന്നുണ്ട്. ഇതില്‍ ചിലതുമാത്രമാണ് പിടികൂടുന്നത്. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും വാഹനപരിശോധന കര്‍ക്കശമാക്കിയെങ്കിലും പണം എത്തേണ്ടിടത്ത് എത്തുന്നതായാണ് അറിവ്. പരിശോധനക്കിടെ വാഹനം നിര്‍ത്താതെയും പോകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.