സ്വതന്ത്രയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല –നഗരസഭാ ചെയര്‍പേഴ്സണ്‍

തൊടുപുഴ: സ്വതന്ത്രയായി പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കുന്നില്ളെന്ന് തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍. സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഭാഗത്തെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഇവര്‍. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പോലും പുറത്തിറങ്ങിയാല്‍ എതിര്‍ത്താണ് സംസാരിക്കുന്നത്. ഇത്തരം കച്ചവട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തന്‍െറ മാത്രം ചുമതലയായി മാറുകയാണ് ചെയ്യുന്നത്. നഗരസഭയില്‍ ഭരണപ്രതിസന്ധി വരുത്തിത്തീര്‍ക്കാന്‍ എല്‍.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിനൊപ്പം ചില യു.ഡി.എഫ് കൗണ്‍സിലര്‍മാരും ശ്രമിക്കുകയാണ്. താന്‍ കാറില്‍ കയറി വെറുതെ നടക്കുകയാണെന്നും മുതലാളിമാര്‍ക്കുവേണ്ടിയാണ് താന്‍ ഭരിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരില്‍നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. ഭരണകക്ഷിയില്‍പെട്ട കൗണ്‍സിലര്‍മാര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും മൗനം അവലംബിക്കുകയാണ്. അനുഭവ പാരമ്പര്യമുള്ള യു.ഡി.എഫിലെ പ്രഫ. ജെസി ആന്‍റണി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാട് ഖേദകരമാണ്. ചെറിയ തടസ്സങ്ങളുടെ പേരിലുണ്ടാകുന്ന ബുദ്ധിമുട്ടും കാലതാമസവും പോലും തന്‍െറ തലയില്‍ കെട്ടിവെക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരിലധികവും പുതുമുഖങ്ങളായതാണ് അവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ഉണ്ടാകാത്തതിന് കാരണമെന്ന് കരുതുന്നു. 25 വര്‍ഷമായി താന്‍ കൗണ്‍സിലറാണെങ്കിലും നഗരത്തിലെ ഒരു മുതലാളിമാരെയും തനിക്കറിയില്ല. കൗണ്‍സിലിന്‍െറ ഭരണത്തില്‍ എല്ലാ കക്ഷികള്‍ക്കും തുല്യപങ്കാളിത്തമാണുള്ളത്. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പങ്കാളിത്തം എല്ലാ കക്ഷികള്‍ക്കുമുണ്ട്. എന്നാല്‍, ഇവരെല്ലാം വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.