മുട്ടത്തും വേണം ഒരു ബസ് സ്റ്റാന്‍ഡ്

മുട്ടം: മുട്ടം പഞ്ചായത്തിന് കീഴില്‍ ടൗണില്‍ തന്നെ 80 സെന്‍റ് സ്ഥലം ഉണ്ടായിട്ടും ഇതുവരെ ഒരു ബസ് സ്റ്റാന്‍ഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല. നിലവില്‍ ഇത് ടാക്സി സ്റ്റാന്‍ഡ് എന്ന പേരില്‍ ഡ്രൈവര്‍മാര്‍ കൈയടക്കിവെച്ചിരിക്കുകയാണ്. ഇതിന്‍െറ പേരില്‍ പലപ്പോഴും സംഘര്‍ഷവും കേസും ഉണ്ടായിട്ടുണ്ട്. നിലവില്‍ ബസ് സ്റ്റാന്‍ഡാക്കി ഉയര്‍ത്തുന്നതിനുള്ള ഏക തടസ്സം മൂലമറ്റം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മുട്ടം ടൗണില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്റ്റാന്‍ഡില്‍ വന്ന ശേഷം വേണം തൊടുപുഴക്ക് പോകാന്‍ എന്നതാണ്. ഇത്തരത്തില്‍ ടൗണില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞു കയറുന്ന ഭാഗത്തിന് നന്നേ വീതി കുറവും തിരക്കേറിയ റോഡുമാണ്. തന്മൂലം ഇത്തരത്തില്‍ പരിഷ്കാരം നടപ്പാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കും അപകടങ്ങള്‍ക്കും കാരണമാകും. മൂലമറ്റം റോട്ടിലെ ഹോസ്പിറ്റലിന് സമീപത്തുനിന്ന് സ്റ്റാന്‍ഡിന് പിറക് വശത്തേക്ക് എത്തുന്ന രീതിയില്‍ ഒരു റോഡ് യാഥാര്‍ഥ്യമാക്കിയാല്‍ മുട്ടം ബസ് സ്റ്റാന്‍ഡിന് മറ്റ് തടസ്സമില്ല. ടാക്സി സ്റ്റാന്‍ഡില്‍നിന്ന് ഹോസ്പിറ്റലിന് സമീപത്തെ മൂലമറ്റം റോഡിലേക്ക് എത്താന്‍ ഏകദേശം 30 മീറ്റര്‍ ദൂരം മാത്രം മതിയാകും. ഈ പാത യാഥാര്‍ഥ്യമായാല്‍ മൂലമറ്റം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് മുട്ടം ടൗണിലൂടെ തൊടുപുഴക്ക് പോകാനും സാധിക്കും. കൂടാതെ ഈരാറ്റുപേട്ട, പാലാ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ക്കും ഇതേ റൂട്ടിലൂടെ തൊടുപുഴക്ക് പോകാനും സാധിക്കും. നിലവില്‍ മൂലമറ്റം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ടൗണ്‍ പള്ളിക്ക് മുന്നിലും തൊടുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സീബ്രാലൈനിന് സമീപവുമാണ് നിര്‍ത്തുന്നത്. ഇത് വന്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുമെന്ന വിശ്വാസത്തില്‍ സ്റ്റാന്‍ഡിലെ പഞ്ചായത്തുവക കടമുറികള്‍ വാടകക്കെടുത്ത് കച്ചവടം തുടങ്ങിയവര്‍ നിലവില്‍ വന്‍ കടബാധ്യതയിലാണ്. ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങിപ്പോകണമെന്ന് നിലവില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം ഉള്ളതാണ്. എന്നാല്‍, ചുരുക്കം ചില ബസുകള്‍ മാത്രമേ ഇത് പാലിക്കാറുള്ളൂ. സ്റ്റാന്‍ഡിന് പുറത്ത് ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.