വര്‍ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിച്ചെങ്കിലും കൂട്ടിയ തുക വാങ്ങുന്നതായി ആരോപണം

മുട്ടം: കെട്ടിടനികുതി വര്‍ധിപ്പിച്ചതായ 2014-15ലെ ഉത്തരവ് പിന്‍വലിച്ചെങ്കിലും കൂടിയ നിരക്കില്‍ നികുതി ഈടാക്കുന്നതായി ആരോപണം. ആക്ഷേപങ്ങള്‍ പരിഹരിക്കാനുള്ള നടപടി കൈക്കൊണ്ടതായി പഞ്ചായത്ത് അധികൃതര്‍. 2014 -15 കാലയളവിലാണ് കെട്ടിടനികുതി വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മാര്‍ച്ചിന് മുന്നോടിയായി വിവിധ പഞ്ചായത്തുകള്‍ ഉദ്യോഗസ്ഥരെവെച്ചും എ.ഡി.എസ്, സി.ഡി.എസ് മെംബര്‍മാരെ വെച്ചും നികുതി പിരിവിനുള്ള നോട്ടീസുകള്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഇതിനിടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെയും വസ്തുനികുതി പരിഷ്കരിച്ചുള്ള ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഫെബ്രുവരി 24 നാണ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് പ്രകാരം 2000 ചതുരശ്രയടിവരെ തറ വിസ്തീര്‍ണമുള്ളതും വിസ്തീര്‍ണം വര്‍ധിപ്പിച്ചിട്ടില്ലാത്തതുമായ വീടുകള്‍ക്ക് പുതുക്കിയ (2014-15) ചട്ടപ്രകാരമുള്ള നികുതി വര്‍ധന അടക്കേണ്ടതില്ല. പക്ഷേ, ഈ ഉത്തരവ് പഞ്ചായത്ത് അധികൃതര്‍ നികുതി അടക്കാന്‍ വന്നവരെ അറിയിച്ചില്ളെന്നും അതിനാല്‍ വര്‍ധിപ്പിച്ച നികുതി അടക്കേണ്ടിവന്നെന്നും ജനം ആരോപിക്കുന്നു. ഇതുമൂലം അഞ്ഞൂറ് രൂപ നികുതിയടക്കേണ്ടയാള്‍ രണ്ടായിരം രൂപവരെ കൊടുത്തതായും ഇവര്‍ പറയുന്നു. എന്നാല്‍, നികുതി കുറച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നതിന് മുമ്പാണ് കെട്ടിട ഉടമകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതെന്നും പുതിയ ഉത്തരവ് നിലവില്‍ വന്നതിനത്തെുടര്‍ന്ന് അതില്‍ പറയുന്ന പ്രകാരം 2013 ഏപ്രില്‍ ഒന്നിനുമുമ്പ് നിലവിലെ നികുതി മാത്രമെ ഈടാക്കൂവെന്നും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ, പഞ്ചായത്തിന്‍െറ വെബ്സൈറ്റില്‍ പ്രശ്നമുള്ളതായും അവ പരിഹരിച്ചുവരുന്നതായും സെക്രട്ടറി അറിയിച്ചു. അധിക തുക ഈടാക്കിയതായി ആക്ഷേപമുള്ളവര്‍ക്ക് അത് പഞ്ചായത്തില്‍ അറിയിക്കാമെന്നും കൂടുതലായി വാങ്ങിയ തുക ഉപഭോക്താക്കളുടെ പേരില്‍ വരും വര്‍ഷങ്ങളിലേക്ക് വരവുവെക്കുമെന്നും മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിള്‍ പറഞ്ഞു. കുടിശ്ശിക തീര്‍ത്തശേഷം പഞ്ചായത്തില്‍ പ്രത്യേക ഫോറത്തില്‍ നിര്‍ദേശം എഴുതി നല്‍കുന്നവര്‍ക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.