പീരുമേട്ടില്‍ ചിഹ്നം മാത്രമായി സി.പി.ഐ പ്രചാരണം

പീരുമേട്: ചിഹ്നം മാത്രമായി പീരുമേട്ടില്‍ സി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നം പതിച്ച പോസ്റ്ററുകള്‍ നിരന്നു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ പേരില്ലാതെയാണ് വോട്ടഭ്യര്‍ഥന. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, വാഴൂര്‍ സോമന്‍, ജോസ് ഫിലിപ് എന്നീ പേരുകളാണ് പരിഗണനയില്‍. ബിജിമോള്‍ മത്സരിക്കുന്നതില്‍ സി.പി.എമ്മിനും എതിര്‍പ്പില്ലാത്തതിനാല്‍ അവര്‍ക്ക് സീറ്റ് നല്‍കാനാണ് സാധ്യത. എന്നാല്‍, പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ വാഴൂര്‍ സോമന് സീറ്റ് നല്‍കണമെന്നും പ്രവര്‍ത്തകര്‍ വാദിക്കുന്നുണ്ട്. കഴിഞ്ഞദിവസം പീരുമേട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 44 പേരില്‍ 40 പേരും ബിജിമോള്‍ മൂന്നാം തവണയും മത്സരിക്കുന്നതിനെ അനുകൂലിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ ഒരു വനിത ഉള്‍പ്പെടെ നാലുപേരാണ് ബിജിമോള്‍ക്ക് എതിരായി അഭിപ്രായം പറഞ്ഞത്. 2001ല്‍ സി.എ. കുര്യന്‍ പരാജയപ്പെട്ടത് സി.പി.ഐയിലെ ചില നേതാക്കള്‍ കാരണമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടുതവണ ഇ.എസ്. ബിജിമോള്‍ മത്സരിച്ചപ്പോഴും ഇത്തരം നേതാക്കള്‍ വോട്ട് മറിക്കാതിരിക്കാന്‍ സി.പി.എമ്മിന്‍െറ മുതിര്‍ന്ന നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. വോട്ടുചോര്‍ച്ചക്ക് സഹായിക്കുന്ന ചില നേതാക്കളെ നിരീക്ഷിച്ചതിനാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും വിമതനീക്കങ്ങള്‍ തടയപ്പെട്ടു. ബിജിമോള്‍ക്ക് ജയസാധ്യത ഉള്ളതിനാല്‍ മൂന്നാം തവണയും സീറ്റ് നല്‍കണമെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ പറയുമ്പോഴും മണ്ഡലത്തില്‍ ശക്തമായ മത്സരത്തിനാണ് സാധ്യത. മുന്‍ എം.എല്‍.എ കെ.കെ. തോമസിന്‍െറ മകനും ജില്ലാ പഞ്ചായത്തംഗവുമായ സിറിയക് തോമസിന് സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശക്തമായ സമ്മര്‍ദം ചെലുത്തുകയാണ്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി മത്സരിക്കുന്നതിനെക്കാള്‍ വിജയസാധ്യത സിറിയക് തോമസിനാണെന്ന് ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.