റിസോര്‍ട്ടിന് കുളം നിര്‍മാണം; കൃഷിയും നശിച്ചതായി പരാതി

രാജാക്കാട്: കള്ളിമാലിയില്‍ സ്വകാര്യ റിസോര്‍ട്ടിന് അശാസ്ത്രീയമായി കുളം നിര്‍മിച്ചതുമൂലം പ്രദേശത്തെ നിരവധി ആളുകള്‍ക്ക് ആശ്രയമായിരുന്ന കൈത്തോട് നശിച്ചതായി പരാതി. മണ്ണും പാറക്കല്ലും വീണ് വെള്ളം കെട്ടി സമീപത്ത് കൃഷി ചെയ്തിരുന്ന ഇരുനൂറോളം കുലക്കാറായ ഏത്തവാഴകള്‍ നശിച്ചു. കള്ളിമാലിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് വെള്ളം എത്തിക്കാനാണ് റിസോര്‍ട്ട് ഉടമകള്‍ അമ്പല കവലക്ക് താഴ്ഭാഗത്തായി കാല്‍ ഏക്കറോളം വരുന്ന പാടം വാങ്ങി വലിയ മൂന്ന് കുളങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍തന്നെ മണ്ണെടുത്തിട്ട് വെള്ളക്കെട്ടുണ്ടായപ്പോള്‍ ഇത് കൃഷിക്ക് പ്രതികൂല സാഹചര്യമുണ്ടാകുമെന്ന് സമീപത്തെ വാഴകൃഷിക്കാര്‍ റിസോര്‍ട്ട് മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ചെവിക്കൊള്ളാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിര്‍മാണം തുടര്‍ന്നു. പിന്നീട് സമീപത്ത് മണ്ണിട്ട് ഉയര്‍ത്തിയതുമൂലം വെള്ളം ഒട്ടും പുറത്തേക്ക് ഒഴുകിപ്പോകാതെ കെട്ടിനിന്ന് വാഴകള്‍ക്ക് പൂര്‍ണമായി പഴുപ്പും വേര് ചീച്ചിലും ബാധിച്ചു. വാഴകള്‍ നശിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കൃഷിക്കാര്‍ റിസോര്‍ട്ട് ഉടമകളോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. മുഖ്യമന്ത്രി, വകുപ്പുമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കര്‍ഷകരായ അനീഷ് പൂക്കുളം, സലീലന്‍ മുകുളംപുറത്ത്, ജിനു വേലിക്കകത്ത് എന്നിവര്‍ രാജാക്കാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.