വന്യമൃഗ ഭീതിയില്‍ ആദിവാസിക്കുടികള്‍

അടിമാലി: വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങുടെ ആക്രമണഭീതിയില്‍ കഴിഞ്ഞുകൂടുകയാണ് ആദിവാസിക്കുടികള്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കൃഷിയിടങ്ങളും വീടുകളും വ്യാപകമായി നശിപ്പിക്കുന്നു. പലരും തലനാരിഴക്കാണ് ആനകളില്‍നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഏക്കറുകളോളം സ്ഥലത്തെ കൃഷികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുവിധ നഷ്ടപരിഹാരവും നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറായിട്ടില്ല. പട്ടികവര്‍ഗ-വനം-കൃഷി വകുപ്പുകള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, ഏലം, വാഴ, കപ്പ, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക, നാണ്യവിളകളുടെ നഷ്ടം ഇവര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്. നഷ്ടപരിഹാരം ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ടെങ്കിലും ഒന്നും ലഭിക്കാറില്ല. ഉറങ്ങാതെ വീടുകള്‍ക്കും കൃഷികള്‍ക്കും കാവലിരിക്കേണ്ട ഗതികേടിലാണ് ആദിവാസി ജനത. മാമലക്കണ്ടം, എളംബ്ളാശേരി, കുറത്തിക്കുടി, ആനക്കുളം, ചിക്കണംകുടി, പ്ളാമല, കൊടകല്ല്, നെല്ലിപ്പാറക്കുടി, കട്ടമുടി, പടിക്കപ്പ്കുടി, ആറാംമൈല്‍, പഴമ്പിള്ളിച്ചാല്‍ തുടങ്ങിയ മേഖലകളിലാണ് വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലാണ് പ്ളാമലയിലും നെല്ലിപ്പാറക്കുടിയിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്ളാമലയില്‍ ഒമ്പത് വൈദ്യുതിക്കാലുകളും നിരവധിപേരുടെ കാര്‍ഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. വീട്ടുമുറ്റത്തത്തെിയ ആനയുടെ മുന്നില്‍നിന്ന് കൊച്ചുപറമ്പില്‍ രമേശന്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. നെല്ലിപ്പാറക്കുടിയില്‍ ഒരുവര്‍ഷത്തിനിടെ പതിമൂന്നോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുവര്‍ഷം മുമ്പാണ് കുടിയിലെ ബിനു വെള്ളം തിരിക്കാന്‍ പോകുംവഴി ആനയുടെ കുത്തേറ്റ് മരിച്ചത്. സോളാര്‍ വേലികള്‍ സ്ഥാപിച്ചും കിടങ്ങുകള്‍ ഉണ്ടാക്കിയും ഒരുപരിധി വരെ വന്യജീവികളുടെ കടന്നുകയറ്റം തടയാമെന്നിരിക്കെ ഇതിന് അധികൃതര്‍ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.