നിഖില്‍ എന്‍.ബി.എയില്‍ രാജ്യത്തെ മികച്ച താരം

തൊടുപുഴ: യുവാക്കളില്‍ ബാസ്കറ്റ്ബാള്‍ അഭിരുചി വളര്‍ത്താനായി സംഘടിപ്പിച്ച ജൂനിയര്‍ എന്‍.ബി.എയുടെ ദേശീയ എലൈറ്റ് ബാസ്കറ്റ്ബാള്‍ ക്യാമ്പില്‍ പങ്കെടുത്ത രാജ്യത്തെ 120 കളിക്കാരില്‍നിന്ന് സബ്ജൂനിയര്‍ വിഭാഗത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മുട്ടം ഷന്താള്‍ ജ്യോതി പബ്ളിക് സ്കൂള്‍ ഒമ്പതാംക്ളാസ് വിദ്യാര്‍ഥി നിഖില്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. 2015-’16ല്‍ രാജ്യത്തെ 12ഓളം കേന്ദ്രങ്ങളില്‍ ഏകദേശം രണ്ടുദശലക്ഷം കളിക്കാര്‍ക്കായി നടത്തിയ വിപുലമായ ടെസ്റ്റുകളുടെയും മത്സരങ്ങളുടെയും അടിസ്ഥാനത്തിലാണ് നോയിഡയിലെ ജെയ്പീ ഗ്രീന്‍സ് സ്റ്റേഡിയത്തില്‍ നടന്ന എലൈറ്റ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 120പേരില്‍ നിഖില്‍ തോമസും ഷന്താള്‍ ജ്യോതിയിലെ തന്നെ ഒലീവിയ ടി. ഷൈബുവും ഇടം കണ്ടത്തെിയത്. കഴിഞ്ഞവര്‍ഷം നാസിക്കില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച നിഖില്‍ ഈവര്‍ഷം പുതുച്ചേരിയില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ നായകനുമായിരുന്നു. അന്താരാഷ്ട്ര ബാസ്കറ്റ്ബാള്‍ റഫറീസ് കമീഷണറും കേരള ബാസ്കറ്റ്ബാള്‍ അസോ. ടെക്നിക്കല്‍ കമീഷന്‍ ചെയര്‍മാനുമായ ഡോ. പ്രിന്‍സ് കെ. മറ്റത്തിന്‍െറ കീഴിലാണ് മുട്ടം ഷന്താള്‍ജ്യോതി ബാസ്കറ്റ്ബാള്‍ അക്കാദമിയില്‍ മൂന്നാം ക്ളാസ് മുതല്‍ നിഖില്‍ ബാസ്കറ്റ്ബാള്‍ പരിശീലിക്കുന്നത്. കഴിഞ്ഞവര്‍ഷം കെ.എഫ്.സി രാജ്യത്തെ സബ് ജൂനിയര്‍ കളിക്കാര്‍ക്കായി സംഘടിപ്പിച്ച ബാസ്കറ്റ്ബാള്‍ അഭിരുചി മത്സരത്തിലും ഇന്ത്യയില്‍ ഒന്നാമതത്തെിയിരുന്നു. മുട്ടം മനപ്പറമ്പില്‍ എം.വി. തോമസ്-ഷേര്‍ലി ദമ്പതികളുടെ ഇളയ മകനായ നിഖിലിന് സി.ബി.എസ്.ഇ ദേശീയ ബാസ്കറ്റ്ബാള്‍ താരമായ നിമ്മി എന്ന സഹോദരിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.