ചീയപ്പാറ ബസ് അപകടം: മലക്കം മറിയുന്ന ബസ്; നിലവിളിയോടെ യാത്രക്കാര്‍

തൊടുപുഴ: റോഡില്‍നിന്ന് സമീപത്തെ താഴ്ചയിലേക്ക് മലക്കം മറിയുന്ന ബസ്. സമയം രാവിലെ 11.30. ചാറിപ്പെയ്യുന്ന മഴയുടെ തണുപ്പടിച്ച് കാഴ്ചകണ്ടിരുന്ന യാത്രക്കാര്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീട് ഉയര്‍ന്നുകേട്ടത് കൂട്ടനിലവിളിയാണ്. കണ്ടുനിന്നവരുടെ ശ്വാസം പോലും നിലച്ചുപോകുന്ന കാഴ്ച. 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞുതുടങ്ങിയ ബസിനെ ദൈവത്തിന്‍െറ കരങ്ങള്‍പോലെ ഒരുവൃക്ഷം അതിന്‍െറ തടിയോട് ചേര്‍ത്തുനിര്‍ത്തുന്നു. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ ചീയപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബൈസണ്‍വാലി-കോതമംഗലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന മരിയ മോട്ടോഴ്സ് എന്ന ബസിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് അക്ഷരാര്‍ഥത്തില്‍ തലനാരിഴക്കുതന്നെ. കണ്ടുനിന്നവര്‍ അപകട സ്ഥലത്തേക്ക് ഓടിയടുത്തു. തിട്ടയിലിടിച്ച് താഴേക്കുമറിഞ്ഞ ബസ് അപ്പോഴേക്കും മരത്തില്‍ തങ്ങിനിന്നിരുന്നു. ഏതുനിമിഷവും ബസ് കൊക്കയിലേക്ക് ബസ് പതിക്കുമെന്ന ഭീതിയുണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ പ്രാണനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്നു. ബസിനും റോഡിനുമിടയില്‍ പതിനഞ്ചടിയോളമുള്ള മണ്‍തിട്ട ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. ഉള്ളില്‍ കുടുങ്ങിയവരെ ഓരോരുത്തരെയായി മുകളിലത്തെിച്ചു. മറ്റ് ബസുകളിലെ യാത്രക്കാരും ജീവനക്കാരും അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതോടെ അരമണിക്കൂറിനുള്ളില്‍ പരിക്കേറ്റവരെ അടിമാലി, കോതമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളിലത്തെിച്ചു. മറിയുന്നതിനിടെ ബസിന്‍െറ കമ്പിയില്‍ ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. മിക്കവര്‍ക്കും തലക്കും കാലിനുമാണ് പരിക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.