ചോര്‍ന്നൊലിച്ച്, ബോഡിമെട്ടിലെ ചെക്പോസ്റ്റ് കെട്ടിടം

രാജാക്കാട്: ബോഡിമെട്ടിലെ വില്‍പന നികുതി ചെക്പോസ്റ്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കുട ചൂടിയിരുന്ന് നേരം വെളുപ്പിക്കേണ്ട ഗതികേടില്‍ ജീവനക്കാര്‍. ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തിരുവിതാംകൂര്‍ രാജഭരണകാലത്ത് പണിതതാണ്. ഓരോമാസവും ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുമ്പോഴും കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണിക്ക് നടപടിയില്ല. തിരുവിതാംകൂര്‍-മദിരാശി നാട്ടുരാജ്യങ്ങള്‍ അതിര്‍ത്തി പങ്കിട്ട ബോഡിമെട്ട് വഴിയാണ് രാജഭരണ കാലത്ത് രണ്ട് പ്രദേശങ്ങളിലേക്കും നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും മറ്റും കൊണ്ടുപോയിരുന്നത്. ഈ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചുങ്കം പിരിക്കാന്‍ കസ്റ്റംസ് ഹൗസ് എന്ന പേരില്‍ ഇവിടെ കെട്ടിടം പണിയുകയായിരുന്നു. സംസ്ഥാന രൂപവത്കരണത്തിനുശേഷം കേരള-തമിഴ്നാട് പ്രധാന അതിര്‍ത്തി പ്രദേശമായ ഇവിടെ ഇതേ കെട്ടിടത്തില്‍ വാണിജ്യനികുതി വകുപ്പിന്‍െറ ചെക്പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പ് ഓടിന്‍െറ മേല്‍ക്കൂര നീക്കി പകരം ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞു. പിന്നീട് ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. എട്ടുജീവനക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് അടിസ്ഥാനന സൗകര്യങ്ങളില്ല. തമിഴ്നാട് നല്‍കുന്ന വൈദ്യുതിയാണ് ഇവിടെ. ചെറിയ കാറ്റുവീശിയാല്‍ പോലും വൈദ്യുതി മുടങ്ങും. ഫയലുകള്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ അലമാരയോ മറ്റ് സംവിധാനങ്ങളോ ഇല്ല. തണുപ്പുകാലത്ത് സിമന്‍റ് കട്ടകള്‍ ഉയര്‍ത്തിവെച്ച് മുകളില്‍ പലകകള്‍ നിരത്തിയാണ് ജീവനക്കാര്‍ കിടക്കുന്നത്. കെട്ടിടത്തിന് പുറത്തെ ശൗചാലയം മേച്ചില്‍ഷീറ്റുകള്‍ തകര്‍ന്ന് ഉപയോഗശൂന്യമായി. ഇങ്ങനെയൊക്കെയായിട്ടും പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപ ഇവിടെനിന്ന് ഖജനാവില്‍ എത്തുന്നുണ്ട്. തുരുമ്പെടുത്ത് തകര്‍ന്ന ക്രോസ് ബാര്‍ ജീവനക്കാര്‍ തന്നെയാണ് പുതുക്കി നിര്‍മിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.