കുന്തളംപാറ ഉരുള്‍പൊട്ടലിന് 27 വയസ്സ്

കട്ടപ്പന: കേരളത്തെ നടുക്കിയ കുന്തളംപാറ ഉരുള്‍പൊട്ടലിന് 27 വയസ്സ്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവന്‍കവര്‍ന്ന ദുരന്തത്തില്‍ കാണാതായ ഒരു കുട്ടിക്കുവേണ്ടി നാട്ടുകാരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. 1989 ജൂലൈ 22ന് കട്ടപ്പനക്ക് സമീപം കുന്തളംപാറ മലയിലാണ് നാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍. കനത്ത കാറ്റും മഴയെയും തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വഴക്കപ്പാറ വര്‍ക്കിയും കുടുംബാംഗങ്ങളും താമസിച്ചവീടും മൂന്നര ഏക്കര്‍ പുരയിടവും ഒലിച്ചുപോയി. അപകടത്തില്‍ വര്‍ക്കി, ഭാര്യ ഏലിയാമ്മ, മക്കളായ ജാന്‍സി, സാലി, കുഞ്ഞു എന്നിവരാണ് മരിച്ചത്. ഇതില്‍ ഇളയ മകള്‍ സാലിയെ ഇനിയും കണ്ടത്തൊനായിട്ടില്ല. അന്ന് കാണാതായ ഈ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നാട്ടുകാര്‍. അപകട ദിവസം വീട്ടിലില്ലാതിരുന്ന വര്‍ക്കിയുടെ മൂത്തമകന്‍ കുഞ്ഞുമോനും (ഇപ്പോള്‍ ഫാ. കുഞ്ഞുമോന്‍) രണ്ടാമത്തെ മകള്‍ ജാന്‍സി (ഇപ്പോള്‍ സിസ്റ്റര്‍ ജാന്‍സി) എന്നിവര്‍ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്. ഇവര്‍ രണ്ടുപേരും കഴിഞ്ഞദിവസം സ്ഥലത്തത്തെി പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുമടങ്ങി. ദുരന്തത്തിന് എട്ടുദിവസം മുമ്പ് ആരംഭിച്ച കനത്ത മഴയുടെ ഒടുവിലാണ് ദുരന്തം പെയ്തിറങ്ങിയത്. അപകടത്തിന് തലേദിവസം വര്‍ക്കിയുടെ വീടിനുമുകളിലേക്ക് കാറ്റാടിമരം കടപുഴകി വീണിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വടം കെട്ടി ഇത് വെട്ടിമാറ്റിയശേഷം ഇവിടെനിന്ന് മാറി താമസിക്കാന്‍ വര്‍ക്കിയോട് നിര്‍ദേശിച്ചു. വര്‍ക്കി മാറിത്താമസിക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചതോടെ നാട്ടുകാര്‍ തകര്‍ന്ന ഓടുകള്‍ മാറ്റി നനയുന്ന ഭാഗത്ത് പ്ളാസ്റ്റിക് പടുത കെട്ടി സഹായിച്ചു. രാത്രി മഴ ശക്തമായതോടെ വീണ്ടും വര്‍ക്കിയെ അയല്‍ക്കാര്‍ വിളിച്ചു മാറിത്താമസിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, വര്‍ക്കി വീട് വിട്ടിറങ്ങാന്‍ തയാറായില്ല. പിറ്റേന്ന് പുലര്‍ച്ചെയായിരുന്നു ഉരുള്‍പൊട്ടല്‍. അഗ്നിശമന സേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. ഒരു കുട്ടിക്കുവേണ്ടി ഒരാഴ്ചയോളം തിരച്ചിലും നടത്തി. ദുരന്തത്തിനുശേഷം അയല്‍വാസികളായ പലരും ഇവിടം ഉപേക്ഷിച്ചുപോയി. വര്‍ക്കിയുടെ വീട് സ്ഥിതി ചെയ്ത സ്ഥലത്ത് നിലവില്‍ വലിയ പാറയും പുല്ലും മാത്രമാണുള്ളത്. മഴ കനത്തതോടെ ഈപ്രദേശത്തെ മലഞ്ചെരുവുകളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും ഭീതിയോടെ ദുരന്തത്തെക്കുറിച്ച് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.