അടിമാലി: ഹൈറേഞ്ചില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ഭീഷണിയാകുന്നു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലാണ് ശല്യം രൂക്ഷം. ജില്ലയിലെ മറ്റ് താലൂക്കുകളിലും വന്യമൃഗങ്ങളുടെ ശല്യമുണ്ട്. അടിമാലി, മാങ്കുളം, മറയൂര്‍, വട്ടവട, മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് വന്യമൃഗങ്ങള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയാവുന്നത്. മാട്ടുപ്പെട്ടിയിലും മറയൂരിലും വനാതിര്‍ത്തിക്ക് സമീപം കാട്ടുപോത്ത് സ്ഥിരമായി ഇറങ്ങുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇതിന് പുറമെ കാട്ടാന നാട് വിറപ്പിച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം അടിമാലി പഞ്ചായത്തിലെ നെല്ലിപ്പാറ ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനക്കൂട്ടം വില്‍പനക്കുവെച്ച ഏത്തക്കുലയടക്കം ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. കഴിഞ്ഞ വെള്ളിയാഴ്ച കുറത്തികുടി ആദിവാസി കോളനിയില്‍ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു. തലനാരിഴക്ക് രക്ഷപ്പെട്ട യുവാവ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടാന, പുലി, കാട്ടുപന്നി, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളുടെ ശല്യത്തിന് പുറമെ ചെന്നായും ഭീതിവിതക്കുന്നു. ചിന്നക്കനാല്‍ പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ കഴിഞ്ഞ ഒരുമാസമായി കാട്ടാന ഇറങ്ങാത്ത ദിവസങ്ങളില്ല. കാട്ടാനയില്‍നിന്ന് രക്ഷനേടാന്‍ പലരും വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്യുന്നു. നേരത്തേ മഴക്കാലത്ത് കാട്ടാനകളുടെ ശല്യം കുറവായിരുന്നു. വനത്തില്‍ നായാട്ട് സംഘങ്ങള്‍ സജീവമായതോടെ വന്യമൃഗങ്ങള്‍ കൂട്ടതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്. പലയിടങ്ങളിലും രാജവെമ്പാലയുടെ നിരന്തരസാന്നിധ്യമുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും രാജവെമ്പാലയെ പിടികൂടാനും വിദഗ്ധ പരിശീലനം ലഭിച്ച വനപാലകരില്ല. കാട്ടാനകളുടെ ആക്രമണങ്ങള്‍ ഉണ്ടായാല്‍ തേക്കടിയില്‍ നിന്നും കോന്നിയില്‍ നിന്നും വിദഗ്ധര്‍ വരുംവരെ കാത്തിരിക്കേണ്ട ഗതികേടാണ്. കാട്ടുപന്നികളും കുരങ്ങുകളും കര്‍ഷകര്‍ക്ക് തീരാ തലവേദനയാണ്. മരച്ചീനി, ചേമ്പ്, ചേന, വാഴകള്‍, കാച്ചില്‍, തെങ്ങിന്‍ തൈകള്‍, കമുക്, റബര്‍, കൊക്കോ ഫലം മുതല്‍ തൈകള്‍ വരെ കാട്ടുമൃഗങ്ങള്‍ കൂട്ടമായത്തെി നശിപ്പിക്കുന്നു. സൗരോര്‍ജ വേലി പലയിടങ്ങളിലും സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. സഹകരണ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷി ആരംഭിച്ചവര്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.