ഹൈറേഞ്ചില്‍ കര്‍ഷകര്‍ ഭീതിയില്‍

കട്ടപ്പന: ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്തമായതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്ന കര്‍ഷകര്‍ ഭീതിയിലായി. ജൂണ്‍ ആദ്യവാരം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാലവര്‍ഷമാണ് രണ്ടുദിവസമായി തിമിര്‍ത്തുപെയ്യുന്നത്. നിരവധി കര്‍ഷകരുടെ ഏത്തവാഴ കൃഷി കാറ്റില്‍ ഒടിഞ്ഞ് നശിച്ചു. കട്ടപ്പന മേഖലയില്‍ മഴ നീണ്ടാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. മഴയും കാറ്റും ശക്തമായതോടെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വാഹനഗതാഗതം ദുഷ്കരമായിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ ചെറിയതോതില്‍ മൂടല്‍മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്. കട്ടപ്പന-കുട്ടിക്കാനം, കട്ടപ്പന-തൊടുപുഴ, കട്ടപ്പന-പുളിയന്മല തുടങ്ങിയ സംസ്ഥാന പാതകളിലെല്ലാം പലയിടത്തും വെള്ളക്കെട്ട് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. പലയിടത്തും റോഡിന്‍െറ തിട്ടയിടിഞ്ഞ് മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങി. കട്ടപ്പന-തൊടുപുഴ സംസ്ഥാന പാതയിലെ മുളകരമേടിന് സമീപം റോഡിലേക്ക് സ്വകാര്യവ്യക്തി മണ്ണ് തള്ളിയത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. കനത്ത മഴയില്‍ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ്. മഴയിലും കാറ്റിലും മരം വീണും ചില്ല ഒടിഞ്ഞും ഏലത്തോട്ടങ്ങളിലെ കൃഷിവിളകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.