അപകട ഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മരം വെട്ടിമാറ്റാന്‍ നടപടിയില്ല

രാജാക്കാട്: വന്‍ അപകട ഭീഷിണി ഉയര്‍ത്തിനില്‍ക്കുന്ന ഈട്ടിമരം വെട്ടിമാറ്റാന്‍ നടപടിയില്ല. കള്ളിമാലി കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് സമീപത്തായിട്ടാണ് ചുവട് ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ വന്മരം നില്‍ക്കുന്നത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളും നിരവധിയായ കുട്ടികളടക്കമുള്ള കാല്‍നടക്കാരും കടന്നുപോകുന്ന കള്ളിമാലി വ്യൂ പോയന്‍റിലേക്കുള്ള പ്രധാന വഴിയിലാണ് നൂറടിയോളം ഉയരവും നൂറിലധികം ഇഞ്ച് വണ്ണവുമുള്ള വന്‍ ഈട്ടിമരം നില്‍ക്കുന്നത്. ഇതിന് സമീപത്തായി ആരോഗ്യ ഉപകേന്ദ്രവും കടകളും വീടുകളും ഉണ്ട്. മാത്രവുമല്ല മരത്തിന് ചുവട്ടില്‍കൂടിയാണ് 11 കെ.വി വൈദ്യുതി ലൈന്‍ കടന്നുപോകുന്നതും. ഇവക്കെല്ലാം ഭീഷിണിയായി മാറിയിരിക്കുകയാണ് ഈ വന്മരം. കാലവര്‍ഷം സജീവമാകുന്നതോടെ ശക്തമായ കാറ്റും ഉണ്ടാകും. ഇലച്ചില്ലകള്‍ കൂടുതലായുള്ള മരത്തില്‍ കാറ്റുപിടിച്ചാല്‍ ഇത് ചുവടെ ഒടിഞ്ഞുവീണ് വലിയ അപകടങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടുതന്നെ മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം ഇതിനായി ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.